ഇക്ക നിങ്ങളൊരു സംഭവമല്ല പ്രസ്ഥാനമാണ് പ്രസ്ഥാനം; അറുപത്തിയേഴിലും മുപ്പതുകാരന്റെ കുസൃതിയുമായി മെഗാസ്‌റ്റാർ!

ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (13:09 IST)
മമ്മൂട്ടി എന്ന നടൻ മെഗാസ്‌റ്റാറായതിന് പിന്നിൽ ഒരുപാട് കഥകളുണ്ട്. ഒരുപാട് കഷ്‌ടതകൾ അനുഭവിച്ചുതന്നെയാണ് മുഹമ്മദ്‌കുട്ടി ഇസ്‌മായേൽ എന്ന മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്‌റ്റാറായത്. 1979ലാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തുന്നത്. മുഹമ്മദ് കുട്ടി ഇസ്മായില്‍ പനിപ്പറമ്പില്‍ എന്നതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. 
 
1980 കളില്‍ മലയാള സിനിമയില്‍ സജീവമായതോടെ മമ്മൂട്ടി ശ്രദ്ധേയനായി. അഭിഭാഷകനായി യേഗ്യത നേടിയ മമ്മൂട്ടി രണ്ട് വര്‍ഷത്തോളം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി ചെയ്തതിന് ശേഷമാണ് സിനിമയില്‍ വേരുറപ്പിച്ചത്. സിനിമയിൽ വന്ന് പേരെടുത്തതിന് ശേഷവും പരാജയങ്ങൾ അടുത്തറിഞ്ഞ താരം. ഒരേപോലുള്ളാ സിനിമകൾ ചെയ്യുന്നു എന്ന പേരിൽ തുടർച്ചയായി കുറേ ചിത്രങ്ങൾ പരാജയപ്പെടുന്നു. പിന്നെ തന്റെ വിജയം വീണ്ടെടുക്കുന്നത് സൂപ്പർഹിറ്റുകൾ മാത്രം എന്നും സമ്മാനിച്ച ജോഷി-മമ്മൂട്ടി കൂട്ടുകെട്ടിൽ നിന്നായിരുന്നു.
 
പ്രതീക്ഷകളെല്ലാം കൈവിട്ടുനിന്നിരുന്ന സമയത്ത് എടുത്ത ചിത്രം. ആദ്യദിവസം തന്നെ ഹിറ്റായി മാറിയ ന്യൂഡെൽഹി. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ലെന്ന് പറയാം. ശേഷം, മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അഞ്ച് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടിയെ തേടി എത്തിയിരുന്നു. 12 തവണ ഫിലിം ഫെയര്‍ തെന്നിന്ത്യന്‍ പുരസ്‌കാരം കരസ്ഥമാക്കാനും മമ്മൂട്ടിയ്ക്ക് കഴിഞ്ഞിരുന്നു. 1998 ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 2010 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നല്‍കിയും ആദരിച്ചിരുന്നു.
 
പ്രായം 67 ആയെങ്കിലും ഇന്നും നായക നടനാണ് മമ്മൂട്ടി. തനിക്കൊപ്പം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചവരെയും അതിന് ശേഷം വന്നവരെയും ഇന്നത്തെ യുവനടന്മാരെയും തന്റെ മകനേയും പിന്നിലാക്കി മലയാളത്തിലെ ഏറ്റവും പ്രായമുള്ള നായക നടനായി മമ്മൂട്ടി ഇന്നും അരങ്ങുവാഴുകയാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഗ്ലാമറ് കൂടുന്ന അസുഖം മമ്മൂട്ടിക്കുണ്ട് എന്ന് ചില പ്രയോജനങ്ങൾ കേൾക്കാറുണ്ടെങ്കിലും അത് സത്യം തന്നെയാണ് എന്നും പറയാനാകും. ഇന്നും മുപ്പതുകാരനായി അഭിനയിക്കാന്‍ മമ്മൂട്ടിക്ക് കഴിയുമെന്നുള്ളതാണ് പ്രത്യേകത. ഈ കാലയളവിൽ സിനിമയിലേക്ക് പലരും വരികയും പോകുകയും ചെയ്‌തു. നമ്മുടെ മെഗാസ്‌റ്റാർ ഇന്നും സിനിമാലോകവും ആരാധക ഹൃദയങ്ങളും കീഴടക്കിവെച്ചിരിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍