മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാൻ കാടിന്റെ മക്കൾ വരിക്കാശേരി മനയിലെത്തി. തന്നെ കാണാൻ ചുവന്ന റോസാപ്പൂക്കളിമായി എത്തിയ ആദിവാസി കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് മമ്മൂട്ടി യാത്രയാക്കിയത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഷൈലോക്ക്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായിട്ടാണ് മമ്മൂട്ടി വരിക്കാശേരി മനയിലെത്തിയത്.
പഠനോപകരണങ്ങൾ, വൈദ്യ സഹായങ്ങൾ, പി എസ് സി കോച്ചിങ്, ലൈബ്രറി സപ്പോർട്ട്, വിദഗ്ദ്ധ ചികിത്സ സഹായങ്ങൾ ഉൾപ്പെടെ ഒട്ടനവധി സഹായങ്ങൾ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ വഴി അട്ടപ്പാടിയിലെയും നെന്മാറ നെല്ലിയാമ്പതി വനമേഖലയിൽ ഉള്ള ആദിവാസി കോളനി കളിലൂടെ നടപ്പാക്കി വരികയായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ആദിവാസി സമൂഹവുമായി മമ്മൂട്ടി നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. തങ്ങളുടെ വല്യേട്ടനെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുട്ടികൾ. കുട്ടികളെ ഒരു വല്യേട്ടന്റെ സ്നേഹവായ്പോടെ സ്വീകരിച്ച മമ്മൂട്ടി അവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും അതിനുള്ള പ്രശ്ന പരിഹാരങ്ങളും അദ്ദേഹം നിർദേശിക്കുകയും ചെയ്തു.
തമിഴ് നടൻ രാജ്കിരൺ, സംവിധായകൻ അജയ് വാസുദേവ്, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫൌണ്ടേഷൻ ഡയരക്ടർ മാരായ റോബർട്ട് കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.