'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയനും സംസാരിച്ചതായി റിപ്പോര്‍ട്ട്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഒടുവില്‍ തിയറ്റര്‍ റിലീസിന് സമ്മതിച്ചത് സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിനിമ, സാംസ്‌കാരിക മന്ത്രി സജി ചെറിയാനും തുടര്‍ച്ചയായി വിഷയത്തില്‍ ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആയിരുന്നു ഇത്. ഒ.ടി.ടി. റിലീസ് മതിയെന്ന് ആന്റണി പെരുമ്പാവൂര്‍ തീരുമാനിച്ചതിനു പിന്നാലെ മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം സിനിമ വ്യവസായത്തിനു പുനരുജ്ജീവനമേകാന്‍ മരക്കാര്‍ തിയറ്ററിലെത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെയാണ് തന്റെ ഉപാധികളില്‍ പൂര്‍ണമായ വിട്ടുവീഴ്ചയ്ക്ക് ആന്റണി തയ്യാറായത്.