മമ്മൂട്ടിക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് പേരന്‍പിന്റെ സംവിധായകന്‍ റാം പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഇതേ അഭിപ്രായം തന്നെയാണ് തെലുങ്ക് സംവിധായകന്‍ മഹി വി രാഘവിനും ഉള്ളത്. മമ്മൂട്ടിക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നും വൈഎസ്ആറിന്റെ കഥാപാത്രത്തിനായി തന്റെ ആദ്യ ചോയിസ് മമ്മൂട്ടി തന്നെ ആയിരുന്നുവെന്നും മഹി പറയുന്നു.
സ്‌ക്രിപ്റ്റിന്റെ കാര്യത്തില്‍ കണിശക്കാരനാണ് മമ്മൂട്ടിയെന്നാണ് മഹി പറയുന്നത്. ‘ലാര്‍ജര്‍ ദാന്‍ ലൈഫ് ഇമേജുള്ള താരമാണ് മമ്മൂട്ടി. ദളപതിയില്‍ രജനീകാന്തിനൊപ്പം അഭിനയിക്കുമ്പോഴും മമ്മൂട്ടി തലഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് നിന്നിരുന്നത്. അംബേദ്കറെ അവതരിപ്പിച്ച് അദ്ദേഹം ദേശീയ പുരസ്‌കാരം പോലും സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്‘ എന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
യാത്ര എന്ന് ഈ പ്രൊജക്ടിന് പേരിടാന്‍ ഒരു കാരണമുണ്ട്. 2003ല്‍ വൈ എസ് ആര്‍ മൂന്ന് മാസത്തോളം നീണ്ട പദയാത്ര നടത്തിയിരുന്നു. ആ യാത്ര നടക്കുന്ന സമയത്തുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ‘യാത്ര’ എന്ന പേരില്‍ മമ്മൂട്ടി മലയാളത്തില്‍ മുമ്പൊരു സിനിമ ചെയ്തിട്ടുണ്ട്. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ആ സിനിമ മലയാളത്തിന്‍റെ ക്ലാസിക് ആയാണ് വിലയിരുത്തപ്പെടുന്നത്.