തമിഴിലും തെലുങ്കിലും പുറത്തിറങ്ങാനുള്ള രണ്ട് ഗംഭീരസിനിമകളാണ് പേരൻപും യാത്രയും. ഇരു ചിത്രങ്ങൾക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും. രണ്ട് സിനിമകളും റിലീസ് ആകാൻ ആകാംഷയോടെ കാത്തിരിക്കുന്നവരിൽ മലയാളികളുമുണ്ട്. കാരണം, മമ്മൂട്ടിയെന്ന ഒറ്റ പേര് . രണ്ടിലും നായകൻ മഹാനടൻ മമ്മൂട്ടിയാണ്.
മമ്മൂട്ടിയെന്ന നടൻ വീണ്ടും വിസ്മയിപ്പിക്കാനുള്ള വരവിലാണ്. യാത്ര മാസും പേരൻപ് ക്ലാസും ആയിരിക്കുമെന്ന് നിസംശയം പറയാം. രണ്ടിന്റേയും ട്രെയിലറുകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വൈറലാവുകയാണ്. യാത്രയിലെ ഹൈലൈറ്റ് മൂന്ന് കാര്യങ്ങളാണ്. ഒന്ന്, തെലുങ്ക് ജനതയുടെ കൺകണ്ട് ദൈവമായ വൈ എസ് ആറുടെ ജീവിത കഥ, രണ്ട് വൈ എസ് ആറായി പകർന്നാടിയ മമ്മൂട്ടി, മൂന്ന് ഭാഷ.
പ്രദർശിപ്പിച്ച വേദികളിലൊക്കെ ഇതിനോടകം മികച്ച അഭിപ്രായം നേടിയ പേരൻപിന്റെ കാര്യവും മറിച്ചല്ല. ഫെബ്രുവരിയിൽ റിലീസിനെത്തുന്ന ചിത്രം മമ്മൂട്ടിക്ക് മറ്റൊരു അവാർഡ് നേടി കൊടുക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം നമ്മുടെ കണ്ണിനെ ഈറനണിയിക്കുമെന്ന് ഉറപ്പ്. മഹാനടന്റെ അഭിനയമികവ് വീണ്ടും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.