മികച്ച നടനായുള്ള അവാര്‍ഡ് കാറ്റഗറിയില്‍ മലയാളത്തില്‍ നിന്ന് മമ്മൂട്ടി മത്സരിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയിലെ പ്രകടനങ്ങളാണ് ജൂറി പരിഗണിക്കുന്നത്. മമ്മൂട്ടി അവസാന റൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി ഭാവാഭിനയം കൊണ്ടും ശരീരഭാഷ കൊണ്ടും മികച്ചതാക്കിയെന്നാണ് ജൂറി വിലയിരുത്തല്‍.
അതേസമയം ഒരിക്കല്‍ കൂടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ മമ്മൂട്ടിയുടെ നാലാമത് ദേശീയ അവാര്‍ഡ് ആകും ഇത്. 1989 ല്‍ ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്നീ സിനിമകളിലെ അഭിനയത്തിനാണ് മമ്മൂട്ടി ആദ്യമായി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയത്. 1994 ല്‍ വിധേയന്‍, പൊന്തന്‍മാട എന്നീ സിനിമകളിലെ പ്രകടനത്തിനു മമ്മൂട്ടി വീണ്ടും ദേശീയ അവാര്‍ഡിനു അര്‍ഹനായി. 1999 ല്‍ ഡോ. ബാബാ സാഹേബ് അംബേദ്കറിലൂടെയാണ് മമ്മൂട്ടി അവസാനമായി ദേശീയ അവാര്‍ഡ് നേടിയത്.