ദിലീപിനെ ആ സിനിമയില്‍ ഒതുക്കിയത് മമ്മൂട്ടിയല്ല, ദിലീപിന് വളരാന്‍ കൈത്താങ്ങായി നിന്നയാളാണ് മമ്മൂട്ടി!

ശനി, 16 മാര്‍ച്ച് 2019 (13:01 IST)
മമ്മൂട്ടിയുടെ അഭിനയവൈഭവത്തെ വെല്ലുവിളിക്കുന്ന കഥകളും കഥാപാത്രങ്ങളും അപൂര്‍വ്വമായി മാത്രമേ അദ്ദേഹത്തിന് ലഭിക്കാറുള്ളൂ. അദ്ദേഹം അത് എപ്പോഴും തേടിക്കൊണ്ടിരിക്കുകയാണെങ്കിലും. അദ്ദേഹത്തിലെ പ്രതിഭയ്ക്ക് മാറ്റുരയ്ക്കാന്‍ പറ്റിയ കഥാപാത്രങ്ങളെ പതിവായി നല്‍കിക്കൊണ്ടിരുന്ന ഒരാള്‍ ലോഹിതദാസാണ്.
 
1994ല്‍ ലോഹിതദാസ് എഴുതിയ ‘സാഗരം സാക്ഷി’ എന്ന സിനിമയും അത്തരത്തിലൊന്നായിരുന്നു. സിബി മലയിലിന് വേണ്ടി ലോഹി എഴുതിയ അവസാനത്തെ തിരക്കഥയായിരുന്നു അത്.
 
ഒന്നുമില്ലായ്മയില്‍ നിന്ന് സമ്പന്നതയിലേക്കും അവിടെ നിന്ന് വീണ്ടും തകര്‍ച്ചയിലേക്കും വഴുതിവീഴുന്ന ബാലചന്ദ്രന്‍ എന്ന മനുഷ്യന്‍റെ ജീവിതമായിരുന്നു സാഗരം സാക്ഷിയുടെ പ്രമേയം. സമ്പത്തിന്‍റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന ബാലചന്ദ്രനില്‍ നിന്നാണ് കഥ തുടങ്ങുന്നത്. പിന്നെ അയാള്‍ സാമ്പത്തികമായി തകരുകയാണ്. മറ്റുള്ളവര്‍ക്ക് വളരെ നിസാരമെന്ന് തോന്നുന്ന ഒരു കാരണത്താലാണ് അയാള്‍ ഒന്നുമല്ലാതായിപ്പോകുന്നത്.
 
പിന്നീട് മദ്യപാനത്തിലേക്ക് തിരിയുന്ന ബാലചന്ദ്രന്‍ ഒടുവില്‍ എല്ലാമെല്ലാമായ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് സന്യാസത്തിലേക്ക് തിരിയുകയും നാടുപേക്ഷിച്ച് പോകുകയും ചെയ്യുന്നു. ജീവിതത്തിന്‍റെ വ്യത്യസ്തമായ എല്ലാ സാഹചര്യങ്ങളെയും നേരിടേണ്ടിവരുന്ന, നിസഹായനായ ബാലചന്ദ്രനെ മമ്മൂട്ടി ഭാവഗംഭീരമായി അവതരിപ്പിച്ചു. ആ സിനിമ ഒരു വലിയ വിജയമായിരുന്നില്ല. പക്ഷേ, ആ കഥാപാത്രം എല്ലാവരുടെയും മനസിനെ നോവിക്കുന്നതും എന്നെന്നും ഓര്‍ക്കപ്പെടുന്നതും ആയി മാറി.
 
സുകന്യ നായികയായ ചിത്രത്തില്‍ തിലകന്‍, എന്‍ എഫ് വര്‍ഗീസ്, ജോണി, സീനത്ത്, ശ്രീജയ, രവി വള്ളത്തോള്‍, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
അക്കാലത്ത് സിനിമകളില്‍ മുഖംകാണിച്ചുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ ദിലീപ്. സാഗരം സാക്ഷിയില്‍ നാലഞ്ച് സീനുകളില്‍ ദിലീപ് അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമ റിലീസായപ്പോള്‍ ദിലീപ് ഒരു സീനില്‍ മാത്രമായി ഒതുങ്ങി.
 
ശരത് ഈണമിട്ട ഗാനങ്ങള്‍ മനോഹരമായിരുന്നു. ഔസേപ്പച്ചന്‍ വാളക്കുഴിയായിരുന്നു സാഗരം സാക്ഷി നിര്‍മ്മിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍