മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരു ഓഫ് ബീറ്റ് പടത്തിനു കിട്ടുന്ന മികച്ച കളക്ഷനാണ് കഴിഞ്ഞ രണ്ട് ദിവസമായി ബോക്‌സ്ഓഫീസില്‍ നിന്ന് നന്‍പകല്‍ നേരത്ത് മയക്കം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിക്കമ്പനിയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ടി വന്നത് എന്തിനാണെന്ന് മമ്മൂട്ടി വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ സിനിമയ്ക്ക് സംഗീത സംവിധായകനില്ല. പകരം സൗണ്ട് ഡിസൈനര്‍ ആണുള്ളത്. അതായത് പ്രത്യേകമായ പശ്ചാത്തല സംഗീതമോ പാട്ടോ ഇല്ലാത്ത സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. സിനിമയില്‍ കാണിക്കുന്ന പാട്ടുകളും പശ്ചാത്തല സംഗീതങ്ങളും പഴയ തമിഴ് സിനിമകളുടേതാണ്. തമിഴ്‌നാട് പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മിക്ക രംഗങ്ങളിലും പശ്ചാത്തല സംഗീതമായി കൊടുത്തിരിക്കുന്ന പഴയ സിനിമകളിലെ പാട്ടുകളാണ്.
പഴയ സിനിമകളിലെ പാട്ടുകളും പശ്ചാത്തല സംഗീതവും നന്‍പകല്‍ നേരത്ത് മയക്കത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി കോപ്പി റൈറ്റ് നല്‍കി വാങ്ങിയിട്ടുള്ളതാണ്. ഈ റൈറ്റ് സ്വന്തമാക്കാനാണ് ഭീമമായ തുക ചെലവഴിച്ചിരിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. പഴയ സിനിമകളിലെ പാട്ടുകള്‍ പശ്ചാത്തല സംഗീതമായി നല്‍കുന്ന ഐഡിയ ലിജോ പറഞ്ഞപ്പോള്‍ അത് വര്‍ക്കൗട്ട് ആകുമോ എന്ന ടെന്‍ഷന്‍ തനിക്കുണ്ടായിരുന്നെന്നും എന്നാല്‍ സിനിമയില്‍ അത് ഗംഭീരമായി വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ലിജോയുടെ കഴിവിനെ മമ്മൂട്ടി പുകഴ്ത്തുകയും ചെയ്തു.