ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ലൂസിഫര്‍ എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്. മികച്ച നടന്‍ മാത്രമല്ല നല്ലൊരു സംവിധായകന്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
15.12 ലക്ഷമാണ് ചിത്രത്തിന് ആദ്യദിനത്തില്‍ കൊച്ചിയിൽ നിന്നും ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 99.9% ആയിരുന്നു ഒക്യുപെന്‍സി.കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ കായംകുളം കൊച്ചുണ്ണിക്ക് തൊട്ടുപിറകിലായാണ് ലൂസിഫര്‍ ഇടംപിടിച്ചിട്ടുള്ളത്. 18 ലക്ഷമായിരുന്നു സിനിമയ്ക്ക് ആദ്യ ദിനത്തില്‍ ലഭിച്ചത്. കേരള ബോക്‌സോഫീസില്‍ ആദ്യ ദിന കലക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ളത് ഒടിയനാണ്, ഈ റെക്കോര്‍ഡും ലൂസിഫര്‍ മറികടന്നോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
ഈ വർഷത്തെ ആദ്യത്തെ ഹിറ്റ് കുമ്പളങ്ങി നൈറ്റ്സ് ആണ്. ചെറിയ ബജറ്റിൽ വന്ന ചിത്രം 40 കോടിക്ക് മുകളിൽ ഇതിനോടകം നേടിക്കഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്സിനേയും കടത്തിവെട്ടാൻ കെൽപ്പുള്ള പടമാണ് ലൂസിഫർ എന്ന കാര്യത്തിൽ സംശയമില്ല. മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായി ലൂസിഫര്‍ മാറുമെന്ന് ആരാധകര്‍ പറയുന്നു.