കമല്‍ഹാസനും മമ്മൂട്ടിയും ഒന്നിക്കുന്നു ?

നീലീന സുന്ദര്‍

ചൊവ്വ, 5 നവം‌ബര്‍ 2019 (20:40 IST)
ദേശീയ അവാര്‍ഡിന് മികച്ച നടനായുള്ള മത്സരത്തില്‍ കമല്‍ഹാസന്‍ എപ്പോഴും നോക്കുന്നത് എതിരാളിയായി മമ്മൂട്ടിയുണ്ടോ എന്നാണ്. അത് കമല്‍ തന്നെ തുറന്നുപറഞ്ഞിട്ടുള്ളതാണ്. ലോകത്തെ ഏത് താരത്തോടും അഭിനയത്തിന്‍റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തി മത്സരിക്കാന്‍ ഒരു മമ്മൂട്ടിയുണ്ട് നമുക്ക് എന്നത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വസ്തുത തന്നെ.
 
കമല്‍ഹാസനും മമ്മൂട്ടിയും എന്നെങ്കിലും ഒരുമിച്ച് അഭിനയിക്കുമോ? അങ്ങനെ സംഭവിച്ചാല്‍ മികച്ച സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് അതൊരു ഒന്നാന്തരം ട്രീറ്റായിരിക്കും എന്നതില്‍ സംശയമില്ല. അതിനൊരു സാധ്യതയാണ് ഇപ്പോള്‍ തമിഴകത്തുനിന്നും കേള്‍ക്കുന്നത്. കമല്‍ഹാസനെയും മമ്മൂട്ടിയെയും നായകന്‍‌മാരാക്കി ഒരു ആക്ഷന്‍ ത്രില്ലറിന് യുവസംവിധായകന്‍ ലോകേഷ് കനകരാജിന് പദ്ധതിയുണ്ടെന്നാണ് സൂചന.
 
രാജ്‌കമല്‍ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ഈ സിനിമ വലിയ ബജറ്റില്‍ ഒരുങ്ങുന്ന ഒരു ത്രില്ലറായിരിക്കും. ദീപാവലി റിലീസായ ‘കൈദി’ ബ്ലോക് ബസ്റ്ററായി മാറിയതോടെ ലോകേഷിന് അവസരങ്ങളുടെ ചാകരയാണ്. അടുത്ത വിജയ് ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷാണ്. കമല്‍ഹാസന്‍ ചിത്രത്തിന് പുറമേ സൂര്യയെ നായകനാക്കി ഒരു സിനിമയ്ക്കുള്ള ഓഫറും ലോകേഷിനെ തേടി എത്തിക്കഴിഞ്ഞു.
 
മമ്മൂട്ടിയും കമല്‍ഹാസനും ഒരുമിക്കുന്ന ഒരു പ്രൊജക്ടിന്‍റെ ഡിസ്കഷനാണ് ലോകേഷും ടീമും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന്‍ പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍