റിലീസ് ചെയ്തു ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 40 കോടിക്ക് അടുത്തെത്തി. വേള്‍ഡ് വൈഡ് കളക്ഷന്‍ 80 കോടി കടന്നു. നാളെയോടെ 100 കോടി ക്ലബില്‍ ഇടംപിടിക്കുമെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് അടക്കം പ്രവചിക്കുന്നത്. ഇന്നലെ (ചൊവ്വ) മാത്രം ഏഴ് കോടിയിലേറെയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസ് ദിനത്തില്‍ 2.7 കോടി ഇന്ത്യ നെറ്റ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം പിന്നീട് ഒരു ദിവസം പോലും നാല് കോടിയില്‍ നിന്ന് താഴ്ന്നിട്ടില്ല. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച 10.1 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. അതും തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്ന് മാത്രം ഒരു കോടിയിലേറെ കളക്ഷന്‍ വന്നു.
ബോക്‌സ്ഓഫീസില്‍ ലോകഃയ്ക്കു എതിരാളികള്‍ ഇല്ല എന്നതാണ് വാസ്തവം. ആറാം ദിനം ഏഴ് കോടിക്ക് മുകളില്‍ ലോകഃ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വം' രണ്ട് കോടി മാത്രമാണ് കളക്ട് ചെയ്തത്. ലോകഃയുടെ പകുതിയേക്കാള്‍ കുറവാണിത്. ഓണം അവധി ദിനങ്ങളില്‍ ലോകഃയ്ക്കു തന്നെയാണ് ഡിമാന്‍ഡ്. ബുക്ക് മൈ ഷോയിലും ലോകഃ ആധിപത്യം തുടരുകയാണ്. ആറ് ദിവസം പിന്നിടുമ്പോള്‍ ഹൃദയപൂര്‍വ്വത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 16.25 കോടിയാണ്.
തെലുങ്ക്, തമിഴ് ഭാഷകളിലും ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ ലോകഃയുടെ ഹിന്ദി പതിപ്പ് ഉടന്‍ തിയറ്ററുകളിലെത്തും. ലോകഃ ഹിന്ദിയില്‍ ഇറക്കാന്‍ നിര്‍മാണക്കമ്പനിയായ വേഫറര്‍ ഫിലിംസ് തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടനുണ്ടാകും.