'കരിയറില്‍ സുപ്രധാന പങ്ക് വഹിച്ചു'; ഞെട്ടലില്‍ പൃഥ്വിരാജ്

വെള്ളി, 30 ഏപ്രില്‍ 2021 (10:52 IST)
സംവിധായകനും ഛായാഗ്രഹകനുമായ കെ.വി.ആനന്ദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ പൃഥ്വിരാജ്. തന്റെ കരിയറില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ആനന്ദ് എന്ന് പൃഥ്വിരാജ് പറഞ്ഞു. ഇന്ത്യന്‍ സിനിമയുടെ തീരാനഷ്ടമെന്ന് പൃഥ്വി കുറിച്ചു. "നിങ്ങള്‍ വിചാരിക്കുന്നതിലും വലിയ രീതിയില്‍ നിങ്ങള്‍ എന്റെ കരിയറില്‍ സുപ്രധാന പങ്ക് വഹിച്ചു," പൃഥ്വിരാജ് പറഞ്ഞു.
 
കെ.വി.ആനന്ദ് ആദ്യമായി സംവിധാനം ചെയ്ത 'കനാ കണ്ടേന്‍' എന്ന തമിഴ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ശ്രീകാന്ത്, ഗോപിക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പൃഥ്വിരാജിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു അത്. ചിത്രത്തില്‍ വില്ലനായാണ് പൃഥ്വി വേഷമിട്ടത്. സൂര്യ, തമന്ന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അയന്‍ ആണ് ആനന്ദ് രണ്ടാമത് സംവിധാനം ചെയ്തത്. 

തുടക്കവും ഒടുക്കവും മോഹന്‍ലാലിനൊപ്പം; കെ.വി.ആനന്ദിന്റെ നിര്യാണത്തില്‍ വിതുമ്പി സിനിമാലോകം

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനൊപ്പമാണ് അന്തരിച്ച സംവിധായകനും ഛായാഗ്രഹകനുമായ കെ.വി.ആനന്ദിന്റെ തുടക്കവും ഒടുക്കവും. ഫോട്ടോ ജേര്‍ണലിസ്റ്റായി കരിയര്‍ ആരംഭിച്ച ആനന്ദ് പിന്നീട് സിനിമാ ലോകത്തേക്ക് എത്തുകയായിരുന്നു. ഛായാഗ്രഹകനായ പി.സി.ശ്രീറാമിന്റെ സഹായിയായിട്ടാണ് സിനിമ ലോകത്ത് ആനന്ദ് പിച്ചവയ്ക്കുന്നത്. പിന്നീടങ്ങോട്ട് ഏവരെയും അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയായിരുന്നു. 
 
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം തേന്മാവിന്‍ കൊമ്പത്തിലൂടെ ആനന്ദ് സ്വതന്ത്ര ഛായാഗ്രഹകനായി. ഇതേ കൂട്ടുക്കെട്ടിനൊപ്പം മിന്നാരത്തിലും ചന്ദ്രലേഖയിലും തന്റെ പ്രതിഭ തെളിയിക്കാന്‍ ആനന്ദിന് സാധിച്ചു. തേന്മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ അവാര്‍ഡ് നേടി. 
 
തുടക്കവും ഒടുക്കവും മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയ്‌ക്കൊപ്പം ആയിരുന്നു. ആനന്ദ് അവസാനമായി ഛായാഗ്രഹണം നിര്‍വഹിച്ചത് മോഹന്‍ലാല്‍-സൂര്യ കൂട്ടുക്കെട്ടില്‍ പിറന്ന കാപ്പാന്‍ എന്ന ചിത്രത്തിലാണ്. 
 
ആനന്ദിന്റെ വിയോഗത്തില്‍ മോഹന്‍ലാല്‍ അനുശോചനം രേഖപ്പെടുത്തി. 'കണ്‍മുന്നില്‍ നിന്നും പോയി എന്നേയുള്ളൂ, ഞങ്ങളുടെ മനസില്‍ എന്നും ഉണ്ടാകും,' മോഹന്‍ലാല്‍ പറഞ്ഞു. 
 
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെന്നൈയില്‍ വച്ചായിരുന്നു ആനന്ദിന്റെ അന്ത്യം. 54 വയസായിരുന്നു. അയണ്‍, കോ, മാട്രാന്‍, കാവന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍