Kerala State Film Awards 2022: കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ബിന്ദു പണിക്കര്‍ നടി ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

വെള്ളി, 21 ജൂലൈ 2023 (08:51 IST)
Kerala State Film Awards 2022: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ജൂലൈ 19 ന് നടത്തേണ്ടിയിരുന്ന അവാര്‍ഡ് പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ജൂലൈ 21 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. 
 
ബംഗാളി ചലച്ചിത്ര നിര്‍മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷാണ് ജൂറി അധ്യക്ഷന്‍. ഈ വര്‍ഷം ആകെ 154 ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഇതില്‍ എട്ടെണ്ണം കുട്ടികളുടെ സിനിമയാണ്. ജൂണ്‍ 19 ന് ആരംഭിച്ച പ്രദര്‍ശനങ്ങളില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ ചേര്‍ന്ന് 42 ചിത്രങ്ങളാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. 
 
മികച്ച നടനു വേണ്ടിയുള്ള മത്സരത്തില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് എന്നിവരുണ്ട്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, പുഴു എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി പരിഗണിക്കുന്നത്. ന്നാ താന്‍ കേസ് കൊട്, അറിയിപ്പ്, പട എന്നിവയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍. ജന ഗണ മന, തീര്‍പ്പ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജിനെ അവസാന റൗണ്ടിലേക്ക് എത്തിച്ചത്. 
 
അതേസമയം, കുഞ്ചാക്കോ ബോബനാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയതെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. റോഷാക്കിലെ അഭിനയത്തിനു ബിന്ദു പണിക്കര്‍ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാള സിനിമ രംഗവുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമ ഗ്രൂപ്പുകളിലും ഇത് ചര്‍ച്ചാവിഷയമായിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍