ശാപമോക്ഷം കിട്ടുമോ? മോഹന്‍ലാലിന്റെ 'റാം' പ്രതിസന്ധിയില്‍; നിരാശയോടെ ജീത്തു ജോസഫ്

രേണുക വേണു

ബുധന്‍, 21 ഓഗസ്റ്റ് 2024 (11:43 IST)
ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, നേര് എന്നീ സിനിമകള്‍ക്കു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന 'റാം' പ്രതിസന്ധിയില്‍. സിനിമയുടെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കോവിഡിനു മുന്‍പ് ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഭാവി എന്താകുമെന്ന് സംവിധായകന്‍ ജീത്തു ജോസഫിനു പോലും ഇപ്പോള്‍ വ്യക്തതയില്ല. പ്രൊഡക്ഷന്‍ കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളാണ് റാമിന് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 
 
റാമിന്റെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. റാമിന്റെ കാര്യത്തില്‍ തനിക്ക് വലിയ സങ്കടമുണ്ടെന്നാണ് ജീത്തു ഈയടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സിനിമയുടെ അനിശ്ചിതത്വത്തില്‍ തനിക്ക് മാത്രമല്ല മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും സങ്കടമുണ്ടെന്നും ജീത്തു പറയുന്നു. റാമിനു വേണ്ടി കാത്തിരിക്കുകയാണ്. അതിനൊരു ശാപമോക്ഷം കിട്ടണമെന്നും ജീത്തു പറയുന്നു. 
 
റാമിന്റെ ചിത്രീകരണം കഴിഞ്ഞ കുറേ നാളുകളായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലും നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് 'റാം' പകുതിയില്‍ വെച്ച് നിന്നതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ സിനിമ ഉപേക്ഷിക്കാന്‍ ഇതുവരെ നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടില്ല. മോഹന്‍ലാലിന്റേയും ജീത്തു ജോസഫിന്റേയും തിരക്കുകള്‍ കഴിഞ്ഞ ശേഷമായിരിക്കും ഇനി റാം ചിത്രീകരണം നടക്കുക. 
 
രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന റാമില്‍ തെന്നിന്ത്യന്‍ താരം തൃഷയാണ് നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സംയുക്ത മേനോന്‍, സിദ്ദിഖ്, അനൂപ് മേനോന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍