ഐക്കോണിക്ക് സീൻ; ആഞ്ഞുചവുട്ടി ജയറാം, ഇന്ദ്രന്‍സിന്റെ ടൈമിംഗ് തെറ്റി; തീരാവേദനയും വര്‍ഷാവര്‍ഷം ആയുര്‍വേദ ചികിത്സയും!

നിഹാരിക കെ.എസ്

വെള്ളി, 24 ജനുവരി 2025 (14:35 IST)
പഴയ മോഹൻലാൽ, ജയറാം സിനിമകളിലെ ചില സീനുകളൊക്കെ ഇന്നും പ്രേക്ഷകരെ ചിരി പടർത്തും. അത്തരമൊരു സിനിമയാണ് ജയറാം നായകനായി എത്തിയ കാവടിയാട്ടം. അനിയന്‍ സംവിധാനം ചെയ്ത സിനിമയില്‍ ജഗതി ശ്രീകുമാര്‍, കല്‍പ്പന എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ മിക്ക ഹാസ്യ രംഗങ്ങളും ഐക്കോണിക് ആയി മാറിയിരുന്നു. സ്‌ക്രീനില്‍ കണ്ട് ചിരിച്ച പല രംഗങ്ങളും ചിത്രീകരിച്ചതിന് പിന്നില്‍ മറക്കാനാകാത്ത അനുഭവങ്ങളുണ്ട് സംവിധായകന്‍ അനിയന്. 
 
ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടെ ജയറാമിന്റെ ചവിട്ടു കൊണ്ട ഇന്ദ്രന്‍സ് ഇപ്പോഴും വേദന അനുഭവിക്കുണ്ടെന്ന് ഒരിക്കല്‍ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനിയന്‍ പറഞ്ഞിരുന്നു. അതിന് കാരണം, ഇന്ദ്രൻസിന്റെ ടൈമിംഗ് തെറ്റിയതാണ്. 
 
''അമ്പിളി ചേട്ടന്‍ ഇന്ദ്രന്‍സിന്റെ ചായക്കടയില്‍ വന്നിരിക്കുന്ന സീനുണ്ട്. ആ സമയം ജയറാം ഓടി വരും. തൂക്കിയിട്ടിരുന്ന കുലയില്‍ നിന്നും ഒരു പഴം എടുത്തു തിന്നും. ഇന്ദ്രന്‍സ് എന്തോ ചോദിക്കുമ്പോള്‍ ജയറാം ചവിട്ടുന്നതാണ് സീന്‍. ഇന്ദ്രന്‍സ് അപ്പോള്‍ അഭിനയിച്ചു തുടങ്ങിയിട്ടേയുള്ളൂ. ചവിട്ടുന്നതിന് ഒരു ലെങ്ത് ഉണ്ട്. ഫൈറ്റ് ചെയ്യുന്നതില്‍ ഒരു ലെങ്ത് ഉണ്ട്. അതൊരു നൊടിയിടെ മാറിയാല്‍ പോലും പരുക്ക് പറ്റും. അങ്ങനെ പല ആര്‍ട്ടിസ്റ്റുകള്‍ക്കും അടി കൊണ്ടിട്ടുണ്ട്.
 
റിഹേഴ്‌സല്‍ എടുത്തിട്ടാണ് എടുക്കുന്നത്. പക്ഷെ അയാള്‍ അല്‍പ്പം മാറിപ്പോയി. ജയറാമിന്റെ ചവുട്ട് കൊണ്ടു. ഇപ്പോഴും ഇന്ദ്രന്‍സ് വര്‍ഷാവര്‍ഷം ആയുര്‍വേദ ചികിത്സ ചെയ്യുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ നല്ല ചവുട്ട് തന്നെയാണ് കിട്ടിയത്. ജയറാമിന്റെ കാലിന് ഭയങ്കര നീളമാണ്. ഇന്ദ്രസ് പക്ഷെ അക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീടാണ് പറയുന്നത്. ഈയ്യടുത്ത് അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ വിളിച്ചിരുന്നു. അപ്പോഴാണ് പറഞ്ഞത് ഇപ്പോഴും ആ വേദനയുണ്ടെന്ന്', അനിയൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍