അതായത് ഉത്തമാ... പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകന് പകരം ജഗതി ആയിരുന്നത്രേ! ദിലീപും കൊച്ചിൻ ഹനീഫയും പകരക്കാർ!

ബുധന്‍, 26 ഒക്‌ടോബര്‍ 2016 (18:02 IST)
മലയാളികളെ ഇതുവരെ വെറുപ്പിക്കാത്ത ഒരു കോമ്പിനേഷനാണ് ഹരിശ്രീ അശോകൻ - ദിലീപ് കൂട്ടുകെട്ട്. ഈ പറക്കും തളിക, പാണ്ടിപ്പട, കൊച്ചിരാജാവ് തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ കഥാപാത്രങ്ങളായി വന്ന് ചിരിപ്പിച്ച ഈ കൂട്ടുകെട്ട് മലയാളികൾക്ക് അത്ര പെട്ടന്ന് മറക്കാൻ സാധിക്കില്ല. ഈ കൂട്ടുകെട്ടിൽ ഇപ്പോഴും ചിരിപ്പിക്കുന്ന മറ്റൊരു സിനിമയുണ്ട് 'പഞ്ചാബി ഹൗസ്'.
 
എത്ര കണ്ടാലും മതിവരാത്ത ഒരു റാഫി മെക്കർട്ടിൻ സിനിമ. ഓരോ കാഴ്ചയിലും പുതിയ കോമഡികൾ കണ്ടെത്തുകയാണ് സിനിമാ പ്രേമികൾ. മലയാളികളെ ഒരുപാട് ചിരിപ്പിച്ച രമണനും കൂട്ടരും മറ്റു പലരുടെയും പകരക്കാർ ആയിരുന്നെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ?. പഞ്ചാബി ഹൗസിന്റെ കഥ വിരിഞ്ഞപ്പോൾ റാഫിയുടെയും മെക്കാർട്ടിന്റേയും മനസ്സിൽ നായകൻ ജയറാമായിരുന്നത്രെ. 
 
അന്ന് ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യു ഉള്ള, ഹ്യൂമർ കൈകാര്യം ചെയ്യുന്ന നടൻ ജയറാമായിരുന്നു. അതുകൊണ്ട് നായകനായി ജയറാം. ഹരിശ്രീ അശോകന്റെയും കൊച്ചിൻ ഹനീഫയുടെയും സ്ഥാനത്ത് ജഗതിയെയും ഇന്നസെന്റിനെയുമായിരുന്നു ആ ദ്യം നിശ്ചയിച്ചത്. നായികമാരായി മഞ്ജു വാര്യരും ദിവ്യാ ഉണ്ണിയും. എന്നാൽ, പലരും ഓരോ സിനിമയുടെ തിരക്കിനിടയിലായിരുന്നു. 
 
തടിമാടന്മാരായ പഞ്ചാബികളുടെ ഇടയിൽപ്പെട്ടുപോകുന്ന ഒരു സാധു ചെറുപ്പക്കാരനാണ് നായകൻ. ആറടി ഉയരമുള്ള ജയറാമിന് അത്രക്ക് ദുർബലനാകാൻ സാധിക്കില്ല. അങ്ങനെയാണ് ദിലീപിനെ തിരഞ്ഞെടുത്തത്. മനസ്സിൽ കണ്ടവരുടെ തിരക്ക് കാരണം ആ കഥാപാത്രങ്ങളെല്ലാം ഹരിശ്രീ അശോകനിലേക്കും കൊച്ചിൻ ഹനീഫയിലേക്കും നായികമാരിലേക്കും എത്തിപ്പെടുകയായിരുന്നുവത്രെ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റാഫി മെക്കാർട്ടിൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക