Asha Sharath Personal life: വിവാഹം 18-ാം വയസ്സില്‍, ശരത്തിനെ ആദ്യമായി കാണുന്നത് വിവാഹം ഉറപ്പിച്ച ശേഷം; നടി ആശ ശരത്തിന്റെ വ്യക്തിജീവിതം

ചൊവ്വ, 19 ജൂലൈ 2022 (13:49 IST)
Asha Sharath Personal life: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആശ ശരത്ത്. താരം ഇന്ന് തന്റെ 47-ാം ജന്മദിനം ആഘോഷിക്കുകയാണ്. ദുബായില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ശരത്ത് ആണ് ആശയുടെ ജീവിതപങ്കാളി. പതിനെട്ടാം വയസ്സിലാണ് ആശയുടെ വിവാഹം നടന്നത്. ടിവിയിലൂടെ ഒരു ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത്ത് ആശയെ വിവാഹം കഴിക്കാനുള്ള ആലോചനയുമായി വരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ താല്‍പര്യത്തോടെ വിവാഹം ഉറപ്പിച്ചു. എന്നാല്‍, വിവാഹനിശ്ചയവും കഴിഞ്ഞ് വിവാഹത്തിനു തൊട്ടുമുന്‍പാണ് ആശയും ശരത്തും നേരിട്ടു കാണുന്നത്. അതുവരെ ഇരുവരുടെയും സംസാരവും സൗഹൃദം പങ്കുവയ്ക്കലുമൊക്കെ ഫോണിലൂടെയും കത്തുകളിലൂടെയുമായിരുന്നു. വിവാഹനിശ്ചയ സമയത്ത് ശരത്ത് മസ്‌കറ്റില്‍ ആയിരുന്നു. 
 
'പതിനെട്ടാം വയസ്സില്‍ വിവാഹം കഴിച്ച ആളാണ് ഞാന്‍. ടിവിയിലൂടെ ഒരു ഡാന്‍സ് കണ്ടാണ് ശരത്തേട്ടന് എന്നോട് ഇഷ്ടം തോന്നുന്നത്. വിവാഹം നിശ്ചയിച്ച് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞ്, വിവാഹത്തിനു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഞങ്ങള്‍ നേരിട്ടു കണ്ടത്,' ആശ ശരത്ത് പറഞ്ഞു. 
 
1975 ജൂലൈ 19 ന് ജനിച്ച ആശ തന്റെ 47-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ആശ ജനിച്ചത്. ശരത് വാര്യരാണ് ആശയുടെ ജീവിതപങ്കാളി. ഉത്തര, കീര്‍ത്തന എന്നിവരാണ് ആശയുടെ മക്കള്‍. മൂത്ത മകള്‍ ഉത്തര ശരത്തും സിനിമയില്‍ സജീവമാകുകയാണ്. 
 
സീരിയലുകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ആശ ശരത്ത് പിന്നീട് സിനിമാരംഗത്തും സജീവമായി. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന്‍ വെള്ളം, ദൃശ്യം 2 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍