അന്ന് ആത്മഹത്യ ചെയ്യാന്‍ പോലും ആലോചിച്ചു; നടി മങ്ക മഹേഷിന്റെ ജീവിതം

ചൊവ്വ, 26 ഏപ്രില്‍ 2022 (09:57 IST)
സിനിമ, സീരിയല്‍ രംഗത്ത് വളരെ സജീവ സാന്നിധ്യമാണ് നടി മങ്ക മഹേഷ്. 1997 ല്‍ റിലീസായ മന്ത്രമോതിരം എന്ന സിനിമയിലൂടെയാണ് മങ്ക മലയാള സിനിമയില്‍ സജീവമായത്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.
 
1965 ലാണ് മങ്കയുടെ ജനനം. താരത്തിന് ഇപ്പോള്‍ 57 വയസ്സുണ്ട്. സ്‌ക്കൂളില്‍ പഠിക്കുമ്പോഴെ കലാരംഗത്ത് സജീവമായ മങ്ക പത്താം ക്ലാസിനു ശേഷം ഗുരുവായ അമൃതം ഗോപിനാഥിന്റ കീഴില്‍ നൃത്തം അഭ്യസിച്ചു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം നാടകത്തില്‍ അരങ്ങേറ്റം കുറിച്ചു.
 
പ്രൊഫഷണല്‍ നാടക നടിയായിരുന്ന മങ്ക കെ.പി.എ.സി. നാടക സമിതി വഴിയാണ് അഭിനയം തുടങ്ങിയത്. കെ.പി.എ.സിയില്‍ വച്ച് പരിചയപ്പെട്ട മഹേഷുമായി ഒരുമിച്ച് ഏറെ നാടകങ്ങളിലഭിനയിച്ച മങ്ക പിന്നീട് മഹേഷിനെ വിവാഹം ചെയ്തു തിരുവനന്തപുരത്തേക്ക് താമസം മാറി. മകളുടെ ജനനത്തോടെ കലാരംഗത്ത് നിന്ന് താത്കാലികമായി അവധിയെടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി.
 
1996-ല്‍ ദൂരദര്‍ശനില്‍ ടെലി-സീരിയലുകള്‍ തുടങ്ങിയ അവസരത്തില്‍ മങ്ക മഹേഷിന് സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ തുടര്‍ന്ന് സീരിയലുകളില്‍ സജീവമായി. പഞ്ചാബിഹൗസില്‍ ദിലീപിന്റെ അമ്മയായി അഭിനയിച്ച മങ്കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
മഹേഷ് ആയിരുന്നു മങ്കയുടെ ആദ്യ ജീവിതപങ്കാളി. 2002 ല്‍ മഹേഷ് മരിച്ചു. ഭര്‍ത്താവിന്റെ വിയോഗം മങ്കയെ ഏറെ തളര്‍ത്തിയിരുന്നു. മാനസികമായി താന്‍ ഒറ്റുപ്പെട്ടു പോയ സമയമാണ് അതെന്ന് മങ്ക ഓര്‍ക്കുന്നു. മഹേഷുമായുള്ള ബന്ധത്തില്‍ മങ്കയ്ക്ക് ഒരു മകളുണ്ട്. മകളുടെ വിവാഹശേഷം മങ്ക മറ്റൊരു വിവാഹം കഴിച്ചു.
 
ഭര്‍ത്താവിന്റെ മരണമല്ലാതെ തന്നെ ജീവിതത്തില്‍ തളര്‍ത്തിയ മറ്റൊരു സംഭവത്തെ കുറിച്ച് മങ്ക തുറന്നുപറഞ്ഞിട്ടുണ്ട്. മങ്കയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവമാണ് അത്. മോര്‍ഫ് ചെയ്ത വീഡിയോയിരുന്നു അത്. എന്നാല്‍, നാട്ടിലൊക്കെ ഇതേകുറിച്ച് ആളുകള്‍ ചോദിച്ചപ്പോള്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്നാണ് മങ്ക പറയുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍