ബ്രെയ്ൻ ട്യൂമറിനെ അതിജീവിച്ച താരമാണ് ആൻസൻ പോൾ. രണ്ടാമൂഴമായിട്ടാണ് ഈ ജീവിതത്തെ താൻ കാണുന്നത് എന്നാണ് ആൻസൻ പോൾ പറയുന്നത്. ഒരു സെക്കന്റ് ചാൻസ് കിട്ടിയ ഞാൻ അനുഗ്രഹീതനാണെന്നാണ് എപ്പോഴും തോന്നാറുള്ളത്. സർജറിക്ക് പോകുമ്പോൾ തിരിച്ച് വരുമോ ഇല്ലയോയെന്ന് അറിയില്ലായിരുന്നു. സർജറിക്ക് മുമ്പുള്ള ആറ് മാസം താൻ എല്ലാ സിനിമാ നടൻമാരെയും കാണാൻ പോയിരുന്നു എന്നാണ് ആൻസൻ പോൾ പറയുന്നത്.
മരണത്തെ എനിക്ക് പേടിയില്ലായിരുന്നു. സർജറിക്ക് മുമ്പ് ആറ് മാസം എനിക്ക് സമയം കിട്ടി. ആ സമയത്ത് ഞാൻ ചെക്ക്‌ലിസ്റ്റിട്ടു. അതിൽ ഒന്ന് എല്ലാ സിനിമാ നടന്മാരെയും കാണണം എന്നതായിരുന്നു. അങ്ങനെ ഞാൻ രാജുവേട്ടന്റെ (പൃഥ്വിരാജ്) കല്യാണക്കുറി ഒപ്പിച്ച് ആ വിവാഹത്തിൽ പങ്കെടുത്ത് എല്ലാ താരങ്ങളെയും കണ്ടു. ശേഷമായിരുന്നു സർജറി. പിന്നീട് കുറേ സ്ഥലങ്ങളിലേക്ക് യാത്ര പോയി.
അമ്മയോട് ഞാൻ അസുഖത്തെ പറ്റി പറഞ്ഞിരുന്നില്ല. എന്റെ സുഹൃത്തിന് ഇങ്ങനൊരു അസുഖമുണ്ട് എന്നാണ് പറഞ്ഞത്. എന്നെ സ്‌നേഹിക്കുന്നവർ സങ്കടപെടുന്നത് കാണാൻ കഴിയാത്തൊരാളാണ് ഞാൻ. അതുപോലെ നടി മംമ്ത എനിക്ക് ഒരു ഇൻസ്പിരേഷനാണ്. പത്ത് വർഷം മുമ്പാണ് സർജറി അടക്കം എല്ലാം നടന്നത്. ഒരു രണ്ടാമൂഴമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്.
അസുഖത്തിന്റെ ഭാഗമായി വന്ന മാർക്കാണ് നെറ്റിയിലേത്. തലയുടെ പിറകിൽ അമ്പത്തിയേഴ് സ്റ്റിച്ചുണ്ട് അത് വേറെ കാര്യം. സർജറി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് ഞാൻ നടക്കാനൊക്കെ തുടങ്ങിയത്. സിനിമയാണ് ട്രൈ ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ഞാൻ പറഞ്ഞാൽ സ്‌കിന്നിലെ പാട് കളയാൻ ചികിത്സ നൽകാമെന്ന് പലരും പറഞ്ഞു. പിന്നെ ഞാൻ കരുതി മാർക്ക് അവിടെ തന്നെ ഇരുന്നോട്ടെയെന്ന്. എനിക്ക് ദിവസവും കാണാമല്ലോ.