മൂന്ന് ഭാഷ, മൂന്ന് സിനിമ, ഒരു നടൻ- മമ്മൂട്ടി; 66 വർഷത്തെ ഫിലിം ഫെയറിന്റെ ചരിത്രത്തിൽ ഇതാദ്യം!

നീലിമ ലക്ഷ്മി മോഹൻ

വെള്ളി, 15 നവം‌ബര്‍ 2019 (12:54 IST)
എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ബൃഹത്തായ വേഷമാണ് മാമാങ്കത്തിലേത്. ഇതിനിടയിൽ ഇപ്പോള്‍ സംവിധായകന്‍ അജയ് വാസുദേവ് പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
 
മാസങ്ങളുടെ വ്യത്യാസത്തില്‍ മൂന്ന് ഇന്‍ഡസ്ട്രികളില്‍ നിന്നും മൂന്ന് സിനിമകള്‍ ഇറക്കിയാണ് മമ്മൂട്ടി ആദ്യ റെക്കോര്‍ഡ് സ്വന്തമാക്കിയത്. പ്രേക്ഷകർ ഒരു പോലെ സ്വീകരിച്ച സിനിമയാണ് ഇവ. ഇപ്പോഴിതാ ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡിന്റെ 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരേ വര്‍ഷം മൂന്ന് ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരേ നടന്റെ 3 സിനിമകള്‍ നോമിനേഷന്‍ നേടുകയാണെന്ന് പറയുകയാണ് സംവിധായകന്‍ അജയ് വാസുദേവ്. 
 
തമിഴിലെ പേരൻപ്, തെലുങ്കിലെ യാത്ര, മലയാളത്തിലെ ഉണ്ട എന്നീ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ലുക്ക് ചേർത്തുകൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫിലിം ഫെയറിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂന്ന് ഭാഷകളിൽ നിന്നും ഒരു നടൻ തന്നെ നോമിനേഷനിൽ വരുന്നത്. 
 
മലയാളത്തിൽ താരസിംഹാസനം മോഹൻലാലുമായി പങ്കുവെയ്ക്കവേ തന്നെ തമിഴിലും തെലുങ്കിലും നായകനായി തന്നെയാണ് മമ്മൂട്ടി എത്തുന്നത് എന്നതും ശ്രദ്ധേയം. പേരൻപിലെ മമ്മൂട്ടിയുടെ അഭിനയം കണ്ട് കൺ‌നിറഞ്ഞവരാണ് പ്രേക്ഷകർ. സൂപ്പർസ്റ്റാർ എന്ന പദവിയിൽ നിൽക്കുമ്പോഴും ഇത്തരം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ അഭിനയത്തോടുള്ള തന്റെ പാഷനാണ് മമ്മൂട്ടി തെളിയിക്കുന്നത്. 
 
തമിഴിലൊരുക്കിയ പേരന്‍പ് ആയിരുന്നു മമ്മൂട്ടിയുടേതായി ആദ്യമെത്തിയ ചിത്രം. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ പേരന്‍പ് വലിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. മമ്മൂട്ടിയ്ക്ക് ഒത്തിരി പുരസ്‌കാരങ്ങള്‍ വരെ ലഭിക്കാന്‍ പാകമുള്ള കഥാപാത്രമായിരുന്നു പേരന്‍പില്‍ ഉണ്ടായിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍