‘സ്ലംഡോഗ്’ ഏറ്റുമുട്ടാന്‍ ഷാരൂഖ്

PTI
സ്ലം ഡോഗ് മില്യനര്‍ എന്ന സിനിമയ്ക്കെതിരെ വാളെടുത്തവരോട് ബോളിവുഡ് കിംഗ് ഖാന്‍ ഏറ്റുമുട്ടുന്നു! ഇന്ത്യന്‍ ദാരിദ്ര്യം പാ‍ശ്ചാത്യ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുകയല്ല ഈ സിനിമ ചെയ്യുന്നത് എന്ന് ഷാരൂഖ് സിനിമയുടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി.

ദാരിദ്ര്യവും ചേരികളും ഒരു യാഥാര്‍ത്ഥ്യമാണ്. ‘സ്ലംഡോഗ്’ പ്രയോഗം അസ്വസ്ഥതയുണ്ടാക്കുന്നു എങ്കില്‍ അതിനെ വിമര്‍ശിക്കുന്നവര്‍ ആ വാക്കിനൊപ്പം ‘മില്യനര്‍’ എന്ന വാക്കു കൂടിയുള്ളത് എന്തിനാണ് വിസ്മരിക്കുന്നത്? ഷാരൂഖ് ചോദിച്ചു. ലോസ് ഏഞ്ചല്‍‌സില്‍ നടക്കുന്ന ഷൂട്ടിംഗില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ ഉടനെയാ‍ണ് ഷാരൂഖ് ഖാന്‍ സ്ലംഡോഗിന്‍റെ വിമര്‍ശകരുടെ വായടയ്ക്കുന്നതരം പ്രതികരണം നടത്തിയത്.

സ്ലംഡോഗ് മില്യനര്‍ അമേരിക്കയില്‍ പുതിയൊരു തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആളുകള്‍ ഈ സിനിമയെ ആവേശത്തോടെ സ്വീകരിക്കുന്നു. നല്ലകഥയും തിരക്കഥയും എ ആര്‍ റഹ്മാന്‍റെ സംഗീതവും ശബ്ദലേഖനവുമെല്ലാം ഈ സിനിമയെ മികച്ചതാക്കുന്നു. ഇത് എല്ലാ അംഗീകാരവും അര്‍ഹിക്കുന്ന സിനിമയാണെന്നും ഷാരൂഖ് പറഞ്ഞു.

സ്ലം ഡോഗിലെ ടെലിവിഷന്‍ ഷോ അവതാരകന്‍റെ വേഷം ഷാരൂഖിനെ തേടിയെത്തിയിരുന്നെങ്കിലും നിരസിച്ചിരുന്നു. എന്നാല്‍, ആ വേഷം അനില്‍ കപൂര്‍ ചെയ്തതിലും ഭംഗിയായി തനിക്ക് അവതരിപ്പിക്കാന്‍ പറ്റുമായിരുന്നോ എന്ന സംശയവും ഷാരൂഖ് പ്രകടിപ്പിച്ചു.

ഡാനിബോയല്‍ സംവിധാനം ചെയ്ത ‘സ്ലംഡോഗ് മില്യനര്‍’ ഓസ്കര്‍ നാമ നിര്‍ദ്ദേശം നേടി വാര്‍ത്തകളില്‍ നിറഞ്ഞതോടെ വിമര്‍ശകരുടെ എണ്ണവും കൂടി. ചേരിനിവാസികളെ അധിക്ഷേപിക്കുന്ന സിനിമയാണിതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റുചിലര്‍ ഇന്ത്യന്‍ ദാരിദ്ര്യത്തെ കച്ചവടച്ചരക്കാക്കി എന്നാണ് വിമര്‍ശിച്ചത്.

വെബ്ദുനിയ വായിക്കുക