‘വഴക്ക് എന്‍ 18/9’ മലയാളത്തില്‍, മണിയന്‍‌പിള്ള നിര്‍മ്മിക്കുന്നു!

ശനി, 23 ജൂണ്‍ 2012 (12:53 IST)
PRO
ഈ വര്‍ഷം തമിഴകത്ത് വന്‍ ഹിറ്റായി മാറിയ ടീനേജ് ത്രില്ലര്‍ ‘വഴക്ക് എന്‍ 18/9’ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. നിര്‍മ്മാതാവ് എം രഞ്ജിത്താണ്(രജപുത്ര രഞ്ജിത്) ഈ സിനിമ മലയാളത്തില്‍ സംവിധാനം ചെയ്യുന്നത്. മണിയന്‍‌പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ‘ബ്ലാക്ക് ബട്ടര്‍ഫ്ലൈസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

‘കാതല്‍’ എന്ന മെഗാഹിറ്റിന്‍റെ സംവിധായകന്‍ ബാലാജി ശക്തിവേലാണ് ‘വഴക്ക് എന്‍ 18/9’ സംവിധാനം ചെയ്തത്. ബാലാജി ശക്തിവേലിനോട് കഥയുടെ അവകാശം മണിയന്‍‌പിള്ള രാജു വാങ്ങിയിട്ടുണ്ട്. ജെ പള്ളാശ്ശേരിയാണ് ബ്ലാക്ക് ബട്ടര്‍ഫ്ലൈസിന് തിരക്കഥ രചിക്കുന്നത്.

നടന്‍ അനൂപ് മേനോന്‍ എഴുതുന്ന ഗാനങ്ങള്‍ക്ക് എം ജി ശ്രീകുമാര്‍ സംഗീതം നല്‍കും. അനൂപ് മേനോനും എം ജി ശ്രീകുമാറും ശത്രുതയിലാണ് എന്ന പ്രചരണം ഈ ചിത്രം സംഭവിക്കുന്നതോടെ വെറും ഗോസിപ്പ് മാത്രമായി മാറും.

“രണ്ടു ജോഡികളുടെ പ്രണയാനുഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ആധുനിക കാലത്തിന്‍റെ സംഭാവനകളായ ഇന്‍റര്‍നെറ്റും മൊബൈലും ചാറ്റിംഗുമൊക്കെ ഉപയോഗപ്പെടുത്തി പ്രേമം ആഘോഷിക്കുന്ന പയ്യനും പെണ്‍കുട്ടിയും. ഇതൊന്നുമില്ലാതെ കണ്ണുകള്‍ കൊണ്ടുമാത്രം പ്രണയം കൈമാറുന്ന നാട്ടിന്‍പുറത്തുകാരായ മറ്റൊരു കാമുകനും കാമുകിയും. പ്രത്യേക സന്ദര്‍ഭത്തില്‍ ഇവര്‍ പരസ്പരം കണ്ടുമുട്ടുന്നു” - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ എം രഞ്ജിത് പറഞ്ഞു.

സെപ്തംബറില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്‍റെ താരനിര്‍ണയം അവസാന ഘട്ടത്തിലാണ്.

വെബ്ദുനിയ വായിക്കുക