‘ലീല’യായി റിമ, രഞ്ജിത് പടം തുടങ്ങുന്നു

വ്യാഴം, 14 ഫെബ്രുവരി 2013 (14:31 IST)
PRO
റീമ കല്ലിങ്കല്‍ നായികയായ ആദ്യ ചിത്രം ‘ഋതു’ ആയിരുന്നു. ആ സിനിമയുടെ അണിയറയില്‍ മമ്മൂട്ടിയുണ്ടായിരുന്നു. പിന്നീട് ‘കേരളാ കഫെ’ ആന്തോളജിയിലും മമ്മൂട്ടിയും റിമയും ഉണ്ടായിരുന്നെങ്കിലും ഒന്നിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചില്ല. ബെസ്റ്റ് ഓഫ് ലക്കിലും മമ്മൂട്ടിയും റിമയും അഭിനയിച്ചു. പക്ഷേ മമ്മൂട്ടി അതിഥിതാരം മാത്രമായിരുന്നു.

പിന്നീട് ബാവുട്ടിയുടെ നാമത്തിലായിരുന്നു മമ്മൂട്ടിയും റിമയും ഒന്നിച്ച സിനിമ. അതിന് ശേഷം കമ്മത്ത് ആന്‍റ് കമ്മത്ത് എന്ന സിനിമയിലും ഇരുവരും അഭിനയിച്ചു. എന്നാല്‍ മമ്മൂട്ടിയുടെയും റിമയുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമയായേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ചിത്രത്തിന്‍റെ ഭാഗമാകാനൊരുങ്ങുകയാണ് ഇരുവരും.

രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ലീല’ എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ ലീലയെ റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്നു. കുട്ടിയപ്പന്‍ എന്ന നായക കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കും. മമ്മൂട്ടിയുടെയും റിമയുടെയും ഇഴുകിച്ചേര്‍ന്നുള്ള അഭിനയമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരിക്കും ഈ സിനിമയെന്നാണ് അറിയാന്‍ കഴിയുന്നത്.

ഉണ്ണി ആര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘ലീല’ എന്ന ചെറുകഥയുടെ സിനിമാവിഷ്കാരമാണിത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുകയാണ്. ആന്‍ അഗസ്റ്റിനെയും ‘കോ’ ഫെയിം കാര്‍ത്തികയെയും ലീലയാകാന്‍ പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ നറുക്ക് റിമയ്ക്ക് വീഴുകയായിരുന്നു.

കേരളാ കഫെ, ഇന്ത്യന്‍ റുപ്പീ, ബാവുട്ടിയുടെ നാമത്തില്‍ എന്നീ രഞ്ജിത് ചിത്രങ്ങളുടെ ഭാഗമായിരുന്നു റിമ.

വെബ്ദുനിയ വായിക്കുക