‘പുളുവന്‍ മത്തായി’ ഉപേക്ഷിച്ചിട്ടില്ല, 2013 ജനുവരിയില്‍ തുടങ്ങും

ശനി, 3 മാര്‍ച്ച് 2012 (14:13 IST)
PRO
മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ കരിയര്‍ ഗ്രാഫില്‍ കാലത്തിനനുസരിച്ച വ്യതിയാനം വരുത്താന്‍ ശ്രമിക്കണം എന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇരുവരുടെയും സിനിമകള്‍ ബോക്സോഫീസില്‍ വേണ്ടത്ര ചലനം സൃഷ്ടിക്കാത്തത് അവര്‍ അവര്‍ക്ക് യോജിച്ച കഥാപാത്രങ്ങളെ കണ്ടെത്താത്തതു കൊണ്ടാണെന്നാണ് ആരോപണം. ആ ആരോപണം ഒരളവുവരെ സത്യവുമാണ്.

എന്തായാലും തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മോഹന്‍ലാല്‍ ചില കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടുകഴിഞ്ഞു. ഇനി വര്‍ഷത്തില്‍ രണ്ട് ചിത്രങ്ങള്‍ മാത്രം. അതും ശക്തമായ തിരക്കഥയില്‍ പ്രായത്തിന് യോജിച്ച കഥാപാത്രങ്ങള്‍. ഈ വര്‍ഷം ലാല്‍ അഭിനയിക്കുന്ന ഗ്രാന്‍റ് മാസ്റ്ററും സ്പിരിറ്റും അത്തരം സിനിമകളാണ്. അടുത്ത വര്‍ഷം ആദ്യം വരുന്ന സ്പെഷ്യലിസ്റ്റിലും മോഹന്‍ലാലിന് അത്തരം കഥാപാത്രമാണ്.

എന്നാല്‍ മമ്മൂട്ടി രാജമാണിക്യത്തിന് ശേഷം തനിക്കുവന്നുചേര്‍ന്ന പ്രത്യേക ഇമേജില്‍ കുറേക്കാലം കൂടി തുടരാനുള്ള നീക്കത്തിലാണെന്ന് തോന്നുന്നു. ലളിതമായ കോമഡിക്കഥാപാത്രങ്ങളെ കൂടുതലായി അവതരിപ്പിക്കുക. പ്രാഞ്ചിയേട്ടന്‍, തുറുപ്പുഗുലാന്‍, പട്ടണത്തില്‍ ഭൂതം, വെനീസിലെ വ്യാപാരി, ബെസ്റ്റ് ആക്ടര്‍, പോക്കിരിരാജ, ലൌഡ് സ്പീക്കര്‍, ലവ് ഇന്‍ സിംഗപ്പോര്‍ തുടങ്ങിയ സിനിമകളുടെ ഗണത്തിലേക്ക് കുറച്ചു ചിത്രങ്ങള്‍ കൂടി ചെയ്യണമെന്ന് മമ്മൂട്ടി താല്‍പ്പര്യപ്പെടുന്നതുപോലെ തോന്നുന്നു.

മമ്മൂട്ടിയുടെ അത്തരം ഒരു സിനിമയുടെ ചിത്രീകരണം 2013 ആദ്യം ആരംഭിക്കും. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘പുളുവന്‍ മത്തായി’. ഈ പേര് മാറാനിടയുണ്ട്. കൃഷ്ണ പൂജപ്പുര എഴുതുന്ന പുളുവന്‍ മത്തായി ഏറെക്കാലം മുമ്പേ ആലോചിച്ച സിനിമയാണ്. എന്നാല്‍ സജിയുടെ ‘ഫോര്‍ ഫ്രണ്ട്സ്’ പരാജയപ്പെട്ട ശേഷം പുളുവന്‍ മത്തായി നടക്കാനുള്ള സാധ്യത കുറഞ്ഞു. ഇപ്പോള്‍ ‘ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ’ ചിത്രീകരണം തുടങ്ങിയതോടെയാണ് പുളുവന്‍ മത്തായിയെക്കുറിച്ചുള്ള ആലോചനകള്‍ വീണ്ടും സജീവമായത്. പുളുവന്‍ മത്തായിയുടെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക