‘ദൃശ്യത്തിനപ്പുറം’ - മമ്മൂട്ടി നോക്കുന്നത് അതാണ്, ജീത്തു ജോസഫ് ഉടന്‍ ചെയ്യുന്നതും അതാണ്!

തിങ്കള്‍, 22 ഫെബ്രുവരി 2016 (19:41 IST)
ജീത്തു ജോസഫ് ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. പൃഥ്വിരാജിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന ‘ഊഴം’ പൂര്‍ത്തിയായതിന് ശേഷം മമ്മൂട്ടിച്ചിത്രം ആരംഭിക്കും. ഇതൊരു ക്രൈം ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
നയന്‍‌താര ഈ സിനിമയില്‍ മമ്മൂട്ടിയുടെ നായികയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഭാസ്കര്‍ ദി റാസ്കല്‍, പുതിയ നിയമം എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയും നയന്‍സും ഒന്നിക്കുന്ന പ്രൊജക്ട് കൂടിയായിരിക്കും ഇത്.
 
‘ദൃശ്യം’ എന്ന വിസ്മയചിത്രത്തിനായി ജീത്തു ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ആ സിനിമ മമ്മൂട്ടി വേണ്ടെന്നുവയ്ക്കുകയും അത് മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും ഉജ്ജ്വല വിജയമായി മാറുകയും ചെയ്തു.
 
ദൃശ്യത്തില്‍ സംഭവിച്ച പിഴവ് ആവര്‍ത്തിക്കാന്‍ മമ്മൂട്ടി തയ്യാറല്ല. അതുകൊണ്ടുതന്നെ ജീത്തു ജോസഫിന്‍റെ സിനിമയ്ക്ക് മെഗാസ്റ്റാര്‍ മുന്‍‌ഗണന കൊടുക്കുമെന്ന് പ്രതീക്ഷിക്കാം.
 
‘ഊഴം’ എന്ന റിവഞ്ച് ത്രില്ലറിന്‍റെ തിരക്കിലാണ് ഇപ്പോള്‍ ജീത്തു ജോസഫ്. മെമ്മറീസിന് ശേഷം പൃഥ്വിയും ജീത്തുവും ഒന്നിക്കുന്നു എന്നതുകൊണ്ടുതന്നെ ഊഴത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

വെബ്ദുനിയ വായിക്കുക