‘ഡ്യൂപ്ലിക്കേറ്റ് നയന്‍സ്’ - നയന്‍‌താര പൊലീസിന്‍റെ സഹായം തേടുന്നു

ശനി, 26 നവം‌ബര്‍ 2011 (14:15 IST)
PRO
നയന്‍‌താര ഇപ്പോള്‍ ഒതുങ്ങിക്കഴിയുകയാണ്. അവസാന ചിത്രമായ ‘ശ്രീരാമരാജ്യം’ റിലീസായി നല്ല വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. പ്രഭുദേവയുമായുള്ള വിവാഹം അടുത്തവര്‍ഷം ആദ്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദങ്ങളെല്ലാം ഒഴിഞ്ഞു എന്ന് നയന്‍സും ആശ്വസിച്ചിട്ടൂണ്ടാകണം. അപ്പോഴാണ് പുതിയ ട്വിറ്റര്‍ വിവാദം.

നയന്‍‌താരയുടെ പേരില്‍ ചിലര്‍ വ്യാജ ട്വീറ്റ് നടത്തി തെറ്റിദ്ധാരണ പരത്തിയതാണ് പ്രശ്നമായത്. അതും മുല്ലപ്പെരിയാര്‍ പോലെ സെന്‍സിറ്റീവ് വിഷയത്തില്‍. താന്‍ ട്വിറ്ററിലോ ഫേസ് ബുക്കിലോ അംഗമല്ലെന്ന് നയന്‍‌സ് വ്യക്തമാക്കിയിട്ടുണ്ട്. ആരോ ബോധപൂര്‍വം നയന്‍‌താരയുടെ പേരില്‍ ട്വീറ്റ് ചെയ്യുകയായിരുന്നുവത്രെ.

എന്തായാലും നയന്‍സ് ഇക്കാര്യത്തില്‍ സൈബര്‍ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. “എന്‍റെ പേരില്‍ ട്വിറ്റര്‍ അക്കൌണ്ടുള്ളയാള്‍ എത്രയും വേഗം അത് പിന്‍‌വലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കാനാണ് ആദ്യം നിശ്ചയിച്ചത്. എന്നാല്‍ ആ ട്വീറ്റ് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളുടെ ആഴം ഇപ്പോഴാണ് മനസിലായത്. അതുകൊണ്ടുതന്നെ സൈബര്‍ പൊലീസിനെ സമീപിക്കാനാണ് തീരുമാനം” - നയന്‍‌താര വ്യക്തമാക്കി.

എന്തായാലും വ്യാജ അക്കൌണ്ടുകളിലൂടെ സെലിബ്രിറ്റികളെ കുഴപ്പത്തിലാക്കുന്ന വിരുതന്മാര്‍ക്കെതിരെ സൈബര്‍ സെല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക