‘ജില്ല’യില്‍ മോഹന്‍ലാല്‍ വിജയിന്‍റെ പിതാവ്? !

വ്യാഴം, 14 മാര്‍ച്ച് 2013 (15:16 IST)
PRO
മോഹന്‍ലാല്‍ വല്ലപ്പോഴുമാണ് തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്. നല്ല കഥാപാത്രങ്ങളും നല്ല പ്രൊജക്ടുകളുമാണെങ്കില്‍ മാത്രമേ അന്യഭാഷാ സിനിമകള്‍ക്ക് മോഹന്‍ലാല്‍ ഡേറ്റ് നല്‍കാറുള്ളൂ. ഇത്തവണ ഇളയദളപതി വിജയ്ക്കൊപ്പം ‘ജില്ല’ എന്ന തമിഴ് ചിത്രത്തിനാണ് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്. നവാഗതനായ നേശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആര്‍ ബി ചൌധരിയാണ് നിര്‍മ്മിക്കുന്നത്.

ഈ സിനിമയില്‍ വിജയിനെക്കാളും പ്രാധാന്യമുള്ള വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത് എന്ന രീതിയില്‍ ആദ്യം മുതല്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഒരു ഈഗോയിസ്റ്റിക് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്നായിരുന്നു അവസാനമെത്തിയ വാര്‍ത്ത.

ഒടുവില്‍ കിട്ടുന്ന ഒരു റിപ്പോര്‍ട്ട് കൌതുകകരമാണ്. ഈ സിനിമയില്‍ വിജയിന്‍റെ അച്ഛനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതത്രേ! മോഹന്‍ലാല്‍ ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയാണെങ്കിലും, പോസിറ്റീവായ വിവരം തന്നെയാണ് ലഭിക്കുന്നത്. കാരണം സിനിമയെ മുന്നോട്ടുനയിക്കുന്ന കഥാപാത്രം മോഹന്‍ലാലിന്‍റേത് തന്നെയാണ്.

മധുരയിലെ അതിശക്തനായ അധോലോക നായകനായാണ് മോഹന്‍ലാല്‍ ജില്ലയില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്‍റെ മകന്‍ ‘ജില്ല’ എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. വിജയിന്‍റെ പ്രണയിനിയായി കാജല്‍ അഗര്‍വാള്‍ അഭിനയിക്കുന്നു. മോഹന്‍ലാലിന്‍റെ ഭാര്യയും വിജയിന്‍റെ അമ്മയുമായി അഭിനയിക്കുന്നത് പൂര്‍ണിമ ഭാഗ്യരാജാണ് - റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. അനീതിക്കെതിരെ കൈകോര്‍ക്കുന്ന രണ്ട് കഥാപാത്രങ്ങളായാണ് മോഹന്‍ലാലും വിജയും ഈ സിനിമയില്‍ എത്തുന്നതെന്നാണ് പ്രൊഡക്ഷന്‍ കമ്പനി ആകെ നല്‍കുന്ന വിവരം. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ‘ജില്ല’യുടെ ചെലവ് 60 കോടി രൂപയാണ്. ഒരു സെറ്റിന് മാത്രം ഒരു കോടി രൂപ ചെലവാക്കിയത് വലിയ വാര്‍ത്തയായിരുന്നു.

വെബ്ദുനിയ വായിക്കുക