‘കഥകളി’ - അതേ, ഈ കളിക്ക് വിശാല്‍ റെഡി!

ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (14:53 IST)
കഥകളി. ആ പേരില്‍ ഒരു മലയാള ചിത്രം ഇല്ല. എന്നാല്‍ കഥകളി പശ്ചാത്തലമാക്കിയ അനവധി മലയാള സിനിമകള്‍ ഉണ്ട്. ലോകോത്തരചിത്രമായ ‘വാനപ്രസ്ഥം’ തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇപ്പോഴിതാ, കഥകളി എന്ന പേരില്‍ ഒരു സിനിമ വരുന്നു. പക്ഷേ, തമിഴിലാണെന്നുമാത്രം.
 
വിശാല്‍ നായകനാകുന്ന പുതിയ ചിത്രത്തിനാണ് കഥകളി എന്ന് പേരിട്ടിരിക്കുന്നത്. പാണ്ഡിരാജ് നിര്‍മ്മിക്കുന്ന ഈ സിനിമ ഒരു റൊമാന്‍റിക് ത്രില്ലറാണ്.
 
കഥകളി എന്നാല്‍ ഒരു തമിഴ് പ്രാദേശിക പ്രയോഗമാണ്. ‘കളിക്ക് അവന്‍ തയ്യാര്‍’ എന്ന അര്‍ത്ഥത്തിലാണ് ഇത് പ്രയോഗിക്കുന്നത്. അതുതന്നെയാണ് ചിത്രത്തിന്‍റെ പ്രമേയവും.
 
പശങ്ക, മറീന, ഇത് നമ്മ ആള്, ഹൈക്കു തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പാണ്ഡിരാജ്. കാതറിന്‍ ട്രീസയാണ് കഥകളിയിലെ നായിക. ചെന്നൈയും കടലൂരുമാണ് ചിത്രത്തിന്‍റെ ലൊക്കേഷന്‍. 
 
ഹിപ് ഹോപ് തമിഴാ സംഗീതം നല്‍കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ബാലസുബ്രഹ്മണ്യം. വിശാല്‍ ഫിലിം ഫാക്ടറിയും പശങ്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കും. 

വെബ്ദുനിയ വായിക്കുക