‘എന്ന് നിന്‍റെ മൊയ്തീന്‍’ എന്ന പേരിട്ടത് ഞാന്‍, മൊയ്തീനില്‍ വിമല്‍ കാഴ്ചക്കാരനായിരുന്നു, പൃഥ്വിരാജ് കയറി മേഞ്ഞു, വിമല്‍ മലയാള സിനിമയിലെ ലക്ഷണമൊത്ത ഫ്രോഡ്; രമേശ് നാരായണ്‍ തുറന്നടിക്കുന്നു!

വ്യാഴം, 3 മാര്‍ച്ച് 2016 (19:38 IST)
‘എന്ന് നിന്‍റെ മൊയ്തീന്‍’ എന്ന സിനിമയില്‍ സംവിധായകന്‍ ആര്‍ എസ് വിമലിന് വെറും കാഴ്ചക്കാരന്‍റെ റോള്‍ ആയിരുന്നു എന്നും പൃഥ്വിരാജ് ചിത്രീകരണത്തിന്‍റെ എല്ലാ മേഖലകളിലും കയറി മേഞ്ഞു എന്നും സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. മലയാള സിനിമയിലെ ലക്ഷണമൊത്ത ഫ്രോഡാണ് വിമലെന്നും രമേശ് നാരായണ്‍.
 
എന്ന് നിന്‍റെ മൊയ്തീന്‍ ചിത്രീകരണത്തില്‍ ഉടനീളം പൃഥ്വിരാജിന്‍റെ ധാര്‍ഷ്‌ട്യമാണ് കണ്ടത്. സംവിധാനരംഗത്ത് പുതുമുഖമായ വിമലിന് കാഴ്ചക്കാരന്‍റെ റോള്‍ ആയിരുന്നു. ചിത്രീകരണത്തിന്‍റെ എല്ലാ തലത്തിലും പൃഥ്വിരാജ് കയറി മേഞ്ഞുകൊണ്ടിരുന്നു. പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് വിമല്‍ ഇപ്പോള്‍ എനിക്ക് സംഗീത സംവിധാനം അറിയില്ലെന്ന് പറയുന്നത് - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ രമേശ് നാരായണ്‍ പറയുന്നു.
 
ഇത്രയും നന്ദിയില്ലാത്ത ചെറുപ്പക്കാരനാണ് വിമല്‍ എന്ന് തിരിച്ചറിയാന്‍ ഞാന്‍ വൈകി. പത്രങ്ങളില്‍ വന്ന ഫീച്ചറുകളുമായാണ് വിമല്‍ എന്നെ ആദ്യം സമീപിച്ചത്. ഇതൊരു സിനിമയാക്കണമെന്നും സഹായിക്കണമെന്നും പറഞ്ഞു. തിരക്കഥയുടെ പൂജ നടത്തിയതും ചിത്രത്തിന് ‘എന്ന് നിന്‍റെ മൊയ്തീന്‍’ എന്ന് പേരിട്ടതും ഞാനാണ്. നിര്‍മ്മാതാക്കളെ കണ്ടെത്തിക്കൊടുത്തതും ആദ്യം മുതല്‍ അവസാനം വരെ കൂടെ നിന്നതും ഞാനാണ്. 
 
സിനിമ റിലീസ് ചെയ്യുന്നതിന്‍റെ 24 മണിക്കൂര്‍ മുമ്പുവരെ വിമലിന് എന്നെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഒരു തവണ പോലും വിളിക്കാനോ സംസാരിക്കാനോ വിമല്‍ തയ്യാറായില്ല. വിമല്‍ ഇപ്പോള്‍ എന്നെ പുറം‌കാല്‍ കൊണ്ട് തൊഴിക്കുകയാണ്. നന്ദികേടിന്‍റെ ആള്‍‌രൂപമാണ് താനെന്നും തനി വഞ്ചകനാണെന്നും വിമല്‍ സ്വയം തെളിയിച്ചിരിക്കുകയാണ് - രമേശ് നാരായണന്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക