‘അങ്ങാടിത്തെരു അഞ്ജലി’ മമ്മൂട്ടിയുടെ നായികയാകുന്നു!

ചൊവ്വ, 5 ജനുവരി 2016 (20:35 IST)
അങ്ങാടിത്തെരു എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ അഞ്ജലി ഇനി മമ്മൂട്ടിയുടെ നായികയാകുന്നു. ‘പേരന്‍‌പ്’ എന്ന തമിഴ് ചിത്രത്തിലാണ് മമ്മൂട്ടിക്ക് അഞ്ജലി നായികയായെത്തുന്നത്. 
 
ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ഈ സിനിമ റാമിന്‍റെ ‘തങ്ക മീന്‍‌കള്‍’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ബാലതാരം സാധനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
മനുഷ്യബന്ധങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരനിര്‍ഭരമായ ഒരു കഥയാണ് പേരന്‍‌പിലൂടെ റാം അണിയിച്ചൊരുക്കുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ടപ്പെട്ട മമ്മൂട്ടി ഡേറ്റ് നല്‍കുകയായിരുന്നു. കൊടൈക്കനാലിലാണ് ചിത്രത്തിന്‍റെ പ്രധാനഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്.
 
ശ്രീരാജലക്ഷ്മി ഫിലിംസിന്‍റെ ബാനറില്‍ പി എല്‍ തേനപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീതം. ദളപതി, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ആനന്ദം തുടങ്ങിയ മെഗാഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന തമിഴ് ചിത്രം കൂടിയാണ് പേരന്‍‌പ്.
 
അങ്ങാടിത്തെരു, മങ്കാത്ത, എങ്കേയും എപ്പോതും, കലകലപ്പ് തുടങ്ങിയവയാണ് അഞ്ജലിയുടെ പ്രധാന സിനിമകള്‍. പയ്യന്‍സ് എന്ന മലയാള ചിത്രത്തില്‍ ജയസൂര്യയുടെ നായികയായിട്ടുണ്ട് അഞ്ജലി.

വെബ്ദുനിയ വായിക്കുക