'അഞ്ചാന്' എന്ന തന്റെ പുതിയ സിനിമയുടെ തിരക്കുകള്‍ക്കിടെയാണ് സൂര്യ 'ഹൌ ഓള്‍ഡ് ആര് യു' കാണുന്നത്. ജ്യോതികയ്ക്കും സിനിമ വലിയ ഇഷ്ടമായി. ഈ സിനിമ തമിഴില്‍ റീമേക്ക് ചെയ്താല്‍ തനിക്ക് തിരിച്ചുവരാന്‍ പറ്റിയ കഥാപാത്രമാണെന്ന് ജ്യോതിക തിരിച്ചറിഞ്ഞു. സംവിധായകന് റോഷന് ആന്‍ഡ്രൂസിനെ സൂര്യ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി. ഏഴ് ദിവസങ്ങള്‍ കൊണ്ട് കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് കരാര്‍ ഒപ്പിടുകയും ചെയ്തു.
റോഷന് ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്യട്ടെയെന്നും തീരുമാനമായി. സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ 2D എന്റര്ടെയ്ന്മെന്റ് ഈ സിനിമയുടെ റീമേക്ക് അവകാശം വാങ്ങുകയും ചെയ്തു. കന്നഡ റീമേക്കിലും ജ്യോതിക തന്നെ നായികയാകും.
ഹൌ ഓള്‍ഡ് ആര് യുവിന്റെ തമിഴ് തിരക്കഥയുടെ പണിപ്പുരയിലാണ് റോഷന് ആന്‍ഡ്രൂസ് ഇപ്പോള്‍. മലയാളത്തിലെ സ്ക്രിപ്റ്റ് തമിഴിന് യോജിച്ച രീതിയിലേക്ക് മാറ്റിത്തീര്‍ക്കുക എന്നത് ശ്രമകരമായ ജോലിയാണ്.
2015 ഫെബ്രുവരിയില്‍ ഹൌ ഓള്‍ഡ് ആര് യു തമിഴ് റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കും. കുഞ്ചാക്കോ ബോബന് അവതരിപ്പിച്ച രാജീവ് എന്ന കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സൂര്യ ഈ വേഷം ചെയ്യില്ല എന്ന് ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന് തമിഴ് പേര് തന്നെ നല്‍കാനാണ് തീരുമാനം.