“ഹോളിവുഡില്‍ ഇറങ്ങുന്ന അമാനുഷരെയൊക്കെ നമ്മള്‍ മലയാളീകരിക്കും. ആരുണ്ടിവിടെ ചോദിക്കാന്‍? നമ്മള്‍ പറക്കുകയും ആന വലിപ്പമുള്ള വില്ലന്‍മാരെ ഇടിച്ചു പരത്തുകയും മാജിക് കാണിക്കുന്ന കാറില്‍ ചീറിപ്പായുകയും ചെയ്യും. ഒരു ലോജിക്കും നോക്കുകയുമില്ല, ആരെയും മൈഡ് ചെയ്യുകയുമില്ല. തലയില്‍ ബുദ്ധിയുള്ളവര്‍ അത് തിയേറ്ററിന് പുറത്ത് ഭദ്രമായി വച്ചിട്ട് നമ്മുടെ പടം കണ്ടാല്‍ മതി...” - ഈ ഭാവത്തിലാണ് നമ്മുടെ ജനപ്രിയതാരം. കുട്ടികളുടെ ഹോളിവുഡ് ഹീറോകളെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയുമൊക്കെ ആശാന്‍ മലയാള സിനിമയില്‍ ‘അപ്ലൈ’ ചെയ്യുകയാണ്. സത്യമല്ലേ, ആരുണ്ടിവിടെ ചോദിക്കാന്‍?
ഒരു സി ഐ ഡി പടം ക്ലിക്കായതോടെയാണ് കൊച്ചു സൂപ്പര്‍താരത്തിന് സംഗതി ക്ലിക്കായത്. ഇതിവിടെ ഏല്‍ക്കും. കുട്ടികളുടെ കയ്യടി നേടിയാല്‍ ബാക്കിയൊക്കെ എളുപ്പം. കുടുംബങ്ങള്‍ ഒന്നടങ്കം ഇരച്ച് തിയേറ്ററുകളിലെത്തും. കുട്ടികളുടെ സന്തോഷമാണല്ലോ കുടുംബങ്ങളുടെ സന്തോഷം. അങ്ങനെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ഹോളിവുഡിലെ വീരനായകന്‍മാരുമൊക്കെ മലയാളത്തിലെത്തി ചിരിപ്പിച്ചു തുടങ്ങി.
ഇന്‍സ്‌പെക്ടര്‍ ഗരുഡന്‍, ക്രേസിയായ ഗോപാലന്‍ തുടങ്ങിയവയൊക്കെ അതിന്‍റെ വകഭേദമാണ്. ജനപ്രിയ താരത്തിന്‍റേതായി ഇനി വരാന്‍ പോകുന്ന ചിത്രങ്ങളുടെ കാര്യവും മറിച്ചല്ല. ഹാരിപോട്ടര്‍, സ്പൈഡര്‍മാന്‍ എന്നിവയാണ് ഹോളിവുഡില്‍ നിന്ന് ചിരിപ്പിക്കാനായി കേരളത്തിലെത്തുന്നത്.
എന്തായാലും കുട്ടികളിലൂടെ കുടുംബങ്ങളില്‍ പ്രവേശിക്കുന്ന ഈ ‘മീശമാധവന്‍’ വിജയകഥ തുടരുകയാണ്.