സൌത്തിന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് പൃഥ്വി തന്നെയല്ലേ?

ചൊവ്വ, 12 മെയ് 2015 (17:01 IST)
‘സൌത്തിന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടന്‍’ എന്ന വിശേഷണം പൃഥ്വിരാജിനെതിരെയുള്ള ആക്രമണത്തിന്‍റെ ഭാഗമായാണ് സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്നത്. എന്നാല്‍ അത്തരം ആരോപണത്തിന് ഇനി മുനയുണ്ടാകില്ലെന്നാണ് സൂചന. കാരണം ഒരു സിനിമ തന്നെ.
 
‘ഇവിടെ’ എന്ന ആക്ഷന്‍ ക്രൈം ത്രില്ലറിന്‍റെ രണ്ട് ട്രെയിലറുകളാണ് ഇതുവരെ പുറത്തിറങ്ങിയത്. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച സിനിമയില്‍ ഒന്നാന്തരം അമേരിക്കന്‍ ആക്സന്‍റ് ഇംഗ്ലീഷിലാണ് പൃഥ്വി സംസാരിക്കുന്നത്. സിങ്ക് സൌണ്ട് റെക്കോര്‍ഡിംഗ് ആണ് സിനിമയ്ക്കെന്നതും ഓര്‍ക്കേണ്ടതാണ്. പൃഥ്വിയുടെ ഇംഗ്ലീഷ് വിമര്‍ശകര്‍ക്കെല്ലാമുള്ള ചുട്ട മറുപടി തന്നെയാകും ഈ സിനിമ എന്നതില്‍ സംശയമില്ല.
 
വരുണ്‍ ബ്ലേക്ക് എന്ന അറ്റ്‌ലാന്‍റാ പൊലീസ് ഓഫീസറായാണ് പൃഥ്വിരാജ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. അമേരിക്കയിലെ ഐ ടി മേഖലയില്‍ നടക്കുന്ന പരമ്പരക്കൊലപാതകങ്ങള്‍ അന്വേഷിക്കാനാണ് വരുണ്‍ ബ്ലേക്ക് വരുന്നത്. ഗംഭീരമായ ഇംഗ്ലീഷ് സംഭാഷണങ്ങളോടെ ഇതില്‍ കൂടുതല്‍ ഈ കഥാപാത്രത്തെ ഭംഗിയാക്കാന്‍ പൃഥ്വിയല്ലാതെ ഇന്ന് മറ്റൊരു നടനില്ല എന്ന് വിമര്‍ശകര്‍ പോലും സമ്മതിക്കും.
 
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇവിടെയില്‍ നിവിന്‍ പോളിയും ഭാവനയും അഭിനയിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക