സോളോയുടെ ക്ലൈമാക്സ് മാറ്റിയത് സംവിധായകൻ അറിയാതെ! - ദുൽഖർ ചിത്രം വിവാദത്തിലേക്ക്
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (11:22 IST)
ദുൽഖർ സൽമാൻ നായകനായ സോളോ തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. അതിനോടൊപ്പം, സോളോ വിവാദങ്ങളിലേക്കും നീങ്ങിയിരിക്കുകയാണ്. സോളോയ്ക്ക് സമ്മിശ്ര പ്രതികരണമായതിനാൽ ചിത്രത്തിന്റെ ക്ലൈമാക്സ് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പുത്തൻ ക്ലൈമാക്സുമായി തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഇപ്പോൾ തീയേറ്ററുകളിൽ മുന്നേറുന്നത്.
എന്നാൽ, ചിത്രത്തിന്റെ സംവിധായകൻ ബിജോയ് നമ്പ്യാർ അറിയാതെയാണ് ക്ലൈമാക്സ് മാറ്റിയത്. സംവിധായകൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയതിനെ കുറിച്ച് ചോദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. അത് ചെയ്തിരിക്കുന്നത് എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്. നല്ലതോ ചീത്തയോ ആയിക്കോട്ടെ. എന്നാലും താനുണ്ടാക്കിയ സിനിമയ്‌ക്കൊപ്പമാണ് താനെന്നും ബിജോയ് പറയുന്നു.
നേരത്തേ, ചിത്രത്തെ കൂവി തോൽപ്പിക്കുന്നവരോട് ചിത്രത്തെ കൊല്ലരുതെന്ന അപേക്ഷയുമായി ദുൽഖർ സൽമാൻ രംഗത്തെത്തിയിരുന്നു. തന്റെ സ്വപ്‌നസമാനമായ ചിത്രമാണ് സോളോ. ആ ചിത്രത്തിനായി തന്റെ ആത്മാവും ഹൃദയവും നല്‍കി. ചോര നീരാക്കിയാണ് തങ്ങള്‍ വളരെ ചെറിയ ഒരു ബജറ്റില്‍ ആ ചിത്രം പൂര്‍ത്തിയാക്കിയതെന്നും ദുല്‍ഖര്‍ പറയുന്നു.
എന്തിനുവേണ്ടിയാണ് സോളോ ചെയ്തതെന്നും ആ ചിത്രം ഒഴിവാക്കാമായിരുന്നില്ലേയെന്നും പലരും തന്നോട് ചോദിക്കുന്നുണ്ട്. വാര്‍ത്താ ലേഖനങ്ങളായാലും കണ്ടുമുട്ടുന്ന ആളുകളായാലും കാണുന്ന സിനിമകളായാലും വായിക്കുന്ന പുസ്തങ്ങളായാലും അതില്‍ നിന്നെല്ലാം കഥകള്‍ തെരയുന്ന ആളാണ് താനെന്നും വ്യത്യസ്തയും പരീക്ഷണവുമാണ് താന്‍ന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഏതു കഥയും പറയാന്‍ തക്ക ധൈര്യം എന്റെ എല്ലാ പ്രേക്ഷകരും എല്ലായ്പ്പോളും നല്‍കുമെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ ഒരുപാടിഷ്ടത്തോടെ ചെയ്ത സോളോയിലെ രുദ്ര എന്ന തന്റെ കഥാപത്രത്തേയും കഥയെയും പരിഹസിക്കുകയും കൂവുകയും ചെയ്യുമ്പോള്‍ തങ്ങളുടെ എല്ലാവരുടെയും ഹൃദയം തകരുകയാണ്. മാത്രമല്ല അത് തങ്ങളുടെ വീര്യത്തെകൂടിയാണ് നശിപ്പിക്കുന്നത്. അതുകൊണ്ട് നിങ്ങളോട് യാചിക്കുന്നു... സോളോയെ കൊല്ലരുത് - ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അക്കാര്യത്തില്‍ താന്‍ സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ കൂടെയാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ നിര്‍മ്മാണത്തിലോ മറ്റോ പങ്കാളികളാകാത്തവര്‍ അത് മുറിച്ചുമാറ്റുന്നതും കൂട്ടിക്കുഴയ്ക്കുന്നതുമുള്‍പെടെ ചെയ്യുന്നതെല്ലാം ചിത്രത്തെ ഇല്ലാതാക്കാന്‍ മാത്രമേ സഹായിക്കൂവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സിനിമ സംവിധാനം ചെയ്ത ചിത്രമായിരുന്നു സോളോ. സംഗീതത്തിന് പ്രധാന്യം കൊടുത്ത നിര്‍മ്മിച്ച ചിത്രത്തില്‍ ഏട്ടിലധികം സംഗീത സംവിധായകന്മാരുണ്ടായിരുന്നു.