സൂപ്പര്‍താരങ്ങള്‍ ആര്‍ത്തി കുറയ്ക്കണമെന്ന് സംവിധായകന് ശ്യാമപ്രസാദ്. ആര്‍ത്തി തന്നെയാണ് സൂപ്പര്‍സ്റ്റാറുകളുടെ പ്രശ്നമെന്നും ആര്‍ത്തിയെ മറികടക്കാന്‍ അവര്‍ക്ക് സാധിക്കണമെന്നും വെറുതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീണ്‍വാക്കുകള്‍ പറഞ്ഞാല്‍ മാത്രം പോരെന്നും ശ്യാമപ്രസാദ് വ്യക്തമാക്കുന്നു. "സൂപ്പര്‍താരങ്ങള്‍ക്ക്, നാടിനും സിനിമാ സംസ്കാരത്തിനും പലതും കാണിച്ചുകൊടുക്കാന്‍ കഴിയണം, ആര്‍ത്തി മാറ്റിവയ്ക്കണം" - ശ്യാമപ്രസാദ് വ്യക്തമാക്കി.
"മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വബോധം കാണിക്കണം. മലയാള സിനിമയുടെ മുന്നോട്ടുള്ള പോക്ക് ആരോഗ്യകരമാക്കാന്‍, നമ്മുടെ സംസ്കാരത്തിന് അപമാനകരമായ രീതിയില്‍ ഇതിനെ തളര്‍ത്താതിരിക്കാന്‍ അവര്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തണം. പലപ്പോഴും മലയാള സിനിമയുടെ മുഖ്യധാര അവരുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് നിയന്ത്രിക്കപ്പെടുന്നത്. അവര്‍ പലപ്പോഴും ഒഴികഴിവുപോലെ പറയാറുണ്ട്, നല്ല തിരക്കഥകള്‍ കിട്ടുന്നില്ല എന്ന്. ചീത്ത തിരക്കഥകളില്‍ അവര്‍ അഭിനയിക്കാതിരുന്നാല്‍ നല്ല തിരക്കഥകള്‍ കൂടുതല്‍ രചിക്കപ്പെടാന്‍ പ്രോത്സാഹനമാകും. താരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ താരങ്ങള്‍ക്ക് ദിശാബോധവും ധാര്‍മ്മികതയും വേണം" - മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ ശ്യാമപ്രസാദ് പറയുന്നു.
അടുത്ത പേജില്‍ - സൂപ്പര്‍താരങ്ങള്‍ കൂലിക്കെടുത്ത കോമാളികള്‍ ആവരുത്!
സൂപ്പര്‍താരങ്ങളെക്കുറിച്ച് വളരെ ശക്തവും വ്യക്തവുമായ നിരീക്ഷണങ്ങളാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ ശ്യാമപ്രസാദ് പ്രകടിപ്പിക്കുന്നത്.
"എത്ര ഉയരത്തിലാണ് സൂപ്പര്‍താരങ്ങളെ നമ്മുടെ സമൂഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. 'മഹാനടന്മാര്' എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. യൂണിവേഴ്സിറ്റികള്‍ ഇവര്‍ക്ക് ഡോക്ടറേറ്റ് നല്കാന് മത്സരിക്കുന്നു. അവര്‍ക്ക് പത്മശ്രീ നല്കുന്നില്ലെങ്കില് സമൂഹം വ്യാകുലപ്പെടുന്നു. പക്ഷേ അവര്‍ സ്വന്തം തട്ടകത്തിലൂടെ സമൂഹത്തോട് കാണിക്കുന്ന മനോഭാവം എന്താണ്? മഹാനായ കലാകാരന് എന്ന് വിളിക്കുമ്പോള്‍ ആ തലത്തില്‍ ചിന്തിക്കണം. പ്രവര്‍ത്തിക്കണം. കൂലിക്കെടുത്ത കോമാളികള്‍ ആവരുത്" - ശ്യാമപ്രസാദ് തുറന്നടിക്കുന്നു.
"പ്രതിഫലത്തിന്റെ കാര്യത്തില്‍ ഈ താരങ്ങള്‍ക്ക് അത്ര ആധിപിടിക്കേണ്ട കാര്യമൊന്നുമില്ല. ഒരു സിനിമയെടുത്ത് പ്രതിഫലം ലഭിച്ചാലേ കഞ്ഞികുടിക്കാന്‍ സാധിക്കൂ എന്ന അവസ്ഥയൊന്നുമല്ലല്ലോ അവരുടേത്. അതിനാല്‍ സിനിമയെ നന്നാക്കാന്‍ അവര്‍ മുന്‍കൈയെടുക്കുക തന്നെ വേണം. അവര്‍ക്ക് അതിനുള്ള ബാധ്യതയുണ്ട്" - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്യാമപ്രസാദ് വ്യക്തമാക്കുന്നു.