സീതയാകാന്‍ നയന്‍‌താര ശീലാവതിയല്ലല്ലോ!

വ്യാഴം, 7 ഒക്‌ടോബര്‍ 2010 (12:14 IST)
PRO
PRO
ശ്രീരാമപത്നിയായ സീതാദേവിയെ സിനിമയില്‍ അവതരിപ്പിക്കാനുള്ള ഭാഗ്യം നയന്‍‌താരയ്ക്ക് നഷ്‌ടമായി. റം‌ലത്തിനെ ഒതുക്കി പ്രഭുദേവയെ സ്വന്തമാക്കിയതിനുള്ള ശിക്ഷയാണിതെന്ന് തെലുങ്ക് സിനിമാലോകം പറയുന്നു. എന്‍‌ടി രാമറാവുവിന്റെ മകനും തെലുങ്ക് സൂപ്പര്‍‌സ്റ്റാറുമായ ബാലകൃഷ്ണ നായകനാവുന്ന ‘ശ്രീരാമജയം’ എന്ന പുരാണചിത്രത്തില്‍ നിന്നാണ് നയന്‍‌താര ഔട്ടായത്. തെലുങ്ക് സിനിമാലോകത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സം‌വിധായകന്‍ നയന്‍‌താരയെ ഒഴിവാക്കുകയായിരുന്നു.

സംവിധായകന്‍ ബാബുവിന്റെ ദീര്‍ഘകാലത്തെ ആഗ്രഹമാണ് ശ്രീരാമജയം എന്ന പുണ്യപുരാണ ചിത്രമായി രൂപപ്പെടുന്നത്. ശ്രീരാമനായി ബാലകൃഷ്ണ അഭിനയിക്കുന്നു. തെലുങ്കിലെ പ്രമുഖ താരങ്ങളെല്ലാം എത്തുന്ന ഈ സിനിമയില്‍ സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നയന്‍‌താരയെയാണ് ബാബു സമീപിച്ചത്. എന്നാല്‍ പ്രഭുദേവ - നയന്‍‌താര പ്രണയം കോടതി വരെ എത്തിയിരിക്കുന്ന സാഹചര്യത്തില്‍ സീതയെ അവതരിപ്പിക്കാന്‍ നയന്‍‌താരയെ വിളിക്കരുതെന്ന് തെലുങ്ക് സിനിമാലോകത്തിലെ പ്രമുഖര്‍ ബാബുവിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു എന്നറിയുന്നു.

ഡാന്‍‌സറായ റം‌ലത്തിനെ കല്യാണം കഴിച്ച് കുടുംബജീവിതം നയിക്കുന്ന പ്രഭുദേവയെ വലവീശിപ്പിടിച്ച നയന്‍‌താര അത്ര ശീലാവതിയല്ലെന്നും സീതയുടെ റോള്‍ അവതരിപ്പിക്കാന്‍ നല്ല രീതിയില്‍ കുടുംബജീവിതം നയിക്കുന്ന ഒരു നായികയെ മതിയെന്നും തെലുങ്ക് സിനിമാലോകം പറഞ്ഞതോടെ ശ്രീരാമജയത്തില്‍ നിന്ന് നയന്‍‌താരയുടെ പേര് സംവിധായകന്‍ നീക്കി. ഇനി ആ റോള്‍ അവതരിപ്പിക്കുക പഴയ നടിയായ മാധുരി ദീക്ഷിത് ആയിരിക്കും.

ശ്രീരാമജയത്തില്‍ നിന്ന് പുറത്തായതിനെ പറ്റി പ്രതികരിക്കാന്‍ നയന്‍‌താര തയ്യാറായിട്ടില്ല. റം‌ലത്ത് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് കോടതിയില്‍ ഹാജരാകാന്‍ തയ്യാറെടുക്കുകയാണ് നയന്‍‌താര. അതിനിടെ, നയന്‍‌താരയോട് പ്രഭുദേവയെ മറക്കാന്‍ സൂപ്പര്‍‌സ്റ്റാര്‍ രജനീകാന്ത് അഭ്യര്‍ത്ഥിച്ചതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യ ഉപേക്ഷിച്ച് വിദേശത്ത് പോകാന്‍ നയന്‍‌താര തയ്യാറെടുക്കുന്നതായി ഏറ്റവും പുതിയ ലക്കം നക്കീരന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക