സിനിമാക്കാര്‍ ഹസാരെക്കൊപ്പം; മമ്മൂട്ടിയും ലാലും?

ബുധന്‍, 24 ഓഗസ്റ്റ് 2011 (08:06 IST)
PRO
PRO
ബോളിവുഡോ കോളിവുഡോ ആകട്ടെ, ഇന്ത്യയിലെ സിനിമാലോകം മുഴുവന്‍ അണ്ണാ ഹസാരെ നയിക്കുന്ന അഴിമതി വിരുദ്ധപ്പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ മലയാളസിനിമയില്‍ നിന്ന് ആരും ഹസാരെയെ പിന്തുണയ്ക്കുന്നതായോ ഹസാരെക്ക് വേണ്ടി വാദിക്കുന്നതായോ വാര്‍ത്തകളില്ല. എന്തുകൊണ്ടാണിത്? മലയാള സിനിമയുടെ നെടും‌തൂണുകളായ മമ്മൂട്ടിയും ലാലും ഒന്നും മിണ്ടുന്നില്ല എന്നതുതന്നെ ഉത്തരം!

തമിഴ് സിനിമാലോകം ഈയടുത്ത ദിവസം ഒരു യോഗം തന്നെ വിളിച്ചിരുന്നു, അണ്ണാ ഹസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍. സൂര്യ, പാര്‍ത്ഥിപന്‍, അര്‍ജുന്‍, ചേരന്‍, രോഹിണി തുടങ്ങി പല പ്രമുഖ താരങ്ങളും ഈ യോഗത്തില്‍ വച്ച് അണ്ണാ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ചു. യോഗത്തില്‍ സംബന്ധിച്ച് നടന്‍ സൂര്യ ഒരുഗ്രന്‍ പ്രഭാഷണവും കാച്ചി.

സിംഗപ്പൂരിലെ ചികിത്സ കഴിഞ്ഞ് ചെന്നൈയില്‍ തിരിച്ചെത്തി വിശ്രമിക്കുന്ന രജനീകാന്തും താന്‍ ഹസാരെക്കൊപ്പം ആണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കമലാഹാസനും പരോക്ഷമായി ഹസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. ബോളിവുഡിന്റെ കാര്യം പറയാനില്ല. ഷാരൂഖ് അടക്കമുള്ള എല്ലാ താരങ്ങളും ഹസാരെയുടെ ലക്‌ഷ്യത്തെ പിന്തുണയ്ക്കുന്നവരാണ്. എന്നിട്ടും മലയാളസിനിമാലോകത്തിന് എതുപറ്റി?

ഹസാരെയുടെ സമരം അഴിമതിക്കും കള്ളപ്പണത്തിനും കൈക്കൂലിക്കും എതിരെയുള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കാനും പിന്തുണയ്ക്കാനും മമ്മൂട്ടിക്കും മോഹന്‍ലാലിനും എന്തുകൊണ്ട് പറ്റുന്നില്ല? ഇവിടെയാണ് ചെറിയൊരു ഫ്ലാഷ്‌ബാക്ക് വേണ്ടിവരുന്നത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡാണ് ഫ്ലാഷ്‌ബാക്ക്. മമ്മൂട്ടിയും മോഹന്‍ലാലും അനധികൃതമായും അവിഹിതമായും കോടിക്കണക്കിന് സ്വത്ത് സമ്പാദിച്ചു എന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

തങ്ങളുടെ വരുമാനക്കണക്കുകള്‍ കൈകാര്യം ചെയ്യുന്ന ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് ശരിക്കുള്ള കണക്കല്ല ആദായനികുതി വകുപ്പിന് നല്‍‌കിയത് എന്നൊക്കെ താരങ്ങള്‍ ന്യായം പറയുന്നുണ്ടെങ്കിലും അഴിമതി, കള്ളപ്പണം, കൈക്കൂലി എന്നീ കുറ്റങ്ങളില്‍ നിന്ന് അത്ര പെട്ടെന്ന് തലയൂരാന്‍ ഇവര്‍ക്കാവുമോ? അതുകൊണ്ട് തന്നെയാണ് അണ്ണാ ഹസാരെ നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടത്തിനെതിരെ ഇരുവരും മൌനം പാലിക്കുന്നതും.

വെബ്ദുനിയ വായിക്കുക