സാഹസത്തിനൊരുങ്ങി ഷാജി കൈലാസ്, വിധിയറിയാന്‍ സിനിമാലോകം !
ചൊവ്വ, 7 ഓഗസ്റ്റ് 2012 (13:56 IST)
PRO
ഷാജി കൈലാസ് ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ്. ‘സിംഹാസനം’ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നു. അതായത് റംസാന്‍ വ്രതം അവസാനിക്കുന്നതിന് 10 ദിവസം മുമ്പേ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഷാജിയുടെയും നിര്‍മ്മാണ - വിതരണക്കാരുടെയും ഈ തീരുമാനം അത്ഭുതത്തോടെയാണ് മലയാള സിനിമാലോകം നോക്കിക്കാണുന്നത്. സാധാരണ നോമ്പുസീസണില്‍ മലയാള സിനിമകള്‍ ഒന്നും റിലീസ് ചെയ്യാറില്ല. മലബാര്‍ മേഖലകളില്‍ പ്രത്യേകിച്ചും.
എന്നാല്‍ ഓഗസ്റ്റ് 10ന് 75 തിയേറ്ററുകളില്‍ സിംഹാസനം റിലീസ് ചെയ്ത് വലിയ സാഹസത്തിനൊരുങ്ങുകയാണ് ഷാജി കൈലാസ്. പൃഥ്വിരാജ് നായകനായ ഈ സിനിമ ഹിറ്റാകുമെന്ന് ഷാജി ഉറച്ചുവിശ്വസിക്കുന്നു. അതിന് പ്രധാന കാരണം, ഈ സമയത്ത് മറ്റ് റിലീസുകളൊന്നും ഇല്ല എന്നതുതന്നെ.
മറ്റ് വഴികളില്ലാത്തതുകൊണ്ടാണ് ഷാജി ഈ തീരുമാനത്തിലെത്തിയതെന്നും പറയാം. കാരണം ഓഗസ്റ്റ് 18 മുതല്‍ 29 വരെ സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പടെയുള്ളവരുടെ ബിഗ്ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യുകയാണ്. റംസാന്‍ - ഓണം സീസണ്‍ ആ ചിത്രങ്ങള്‍ കൊണ്ടുപോകുമെന്ന് ഉറപ്പ്. അതിനൊപ്പം സിംഹാസനം റിലീസ് ചെയ്യുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിഞ്ഞാണ് സിംഹാസനം നോമ്പ് അവസാനിക്കുന്നതിന് മുമ്പ് പ്രദര്‍ശനത്തിനെത്തിക്കാന്‍ തീരുമാനിച്ചത്.
മറ്റു റിലീസുകളില്ലാത്തതിന്‍റെ ഗുണം ലഭിച്ചാല്‍ സിംഹാസനം വന്‍ ലാഭം നേടുമെന്നാണ് നിര്‍മ്മാതാക്കളായ മാളവിക ഫിലിംസും കണക്കുകൂട്ടുന്നത്. എന്നാല്‍ നോമ്പുകാലത്ത് റിലീസ് ചെയ്യുന്നത് എത്രമാത്രം ബുദ്ധിപരമാണെന്ന് സിംഹാസനത്തിന്‍റെ വിധി കണ്ടതിന് ശേഷം പറയാമെന്നാണ് സിനിമാ പണ്ഡിതര്‍ അറിയിച്ചിരിക്കുന്നത്.