സല്‍മാനെ അക്ഷരവിരോധിയെന്ന് കരുതരുതേ!

വെള്ളി, 17 ജൂലൈ 2009 (12:18 IST)
PROPRO
‘മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍’ എന്നാണ് സിനിമാലോകം സല്‍‌മാനെ വിശേഷിപ്പിക്കാറ്‌. ഒത്ത ഉയരവും ഉരുണ്ടുകളിക്കുന്ന മസിലുകളും ഗോതമ്പിന്റെ നിറവുമുള്ള ഈ സുന്ദരന്‍ ആഗ്രഹിക്കാത്ത നടികളില്ല. ഐശ്വര്യാ റായി തൊട്ട് കത്രീനാ കൈഫ് വരെയുള്ള നീണ്ട നിരതന്നെ ഉദാഹരണം. ‘ബോഡി ബില്‍ഡര്‍’ ആയതുകൊണ്ടാവണം കക്ഷിയുടെ സ്വഭാവം സ്വല്‍‌പം പരുക്കനാണ്. സ്വഭാവം പരുക്കനായതുകൊണ്ട് സല്‍‌മാനെ അക്ഷരവിരോധിയെന്ന് കരുതാമോ? ഒരിക്കലുമില്ല! ‘ഭയങ്കര’ വായനക്കാരനാണ് കക്ഷി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സമയം എപ്പോള്‍ വീണുകിട്ടിയാലും ഒപ്പം കൊണ്ടുനടക്കുന്ന പുസ്തകമെടുത്ത് വായന തുടങ്ങുമെത്രെ, സല്‍‌മാന്‍. ഇക്കാര്യം വെളിപ്പെടുത്തിയത് മറ്റാരുമല്ല, സല്‍‌മാന്റെ പുതിയ സിനിമയുടെ സംവിധായകനായ അനില്‍ ശര്‍മ്മയാണ്. അനില്‍ ശര്‍മ്മ സംവിധാനം ചെയ്യുന്ന ‘വീര്‍’ എന്ന സിനിമയുടെ കഥ ആരുടേതെന്നോ? സാക്ഷാല്‍ സല്‍‌മാന്റെ തന്നെ!

മിക്ക ലോകഭാഷകളിലുമുള്ള കൃതികളും സല്‍‌മാന്‍ ഖാന്‍ വായിച്ചിട്ടുണ്ടെത്രെ. കിടന്നും ഇരുന്നുമൊക്കെ വായിക്കുന്ന കക്ഷിക്ക് ഏറ്റവും പിടിച്ച സാഹിത്യം റഷ്യന്‍ ഭാഷയിലേതാണെത്രെ. ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ റഷ്യന്‍ എഴുത്തുകാരനായ ഗോഗോളും. പോരേ പൂരം! ഗോഗോളിന്റെ ‘താരാസ് ബള്‍ബ’ എന്ന നോവല്‍ വായിച്ചതിന്റെ മാധുര്യം മനസില്‍ കൊണ്ടുനടക്കുമ്പോഴാണ് അനില്‍ ശര്‍മ്മയെ കാണാന്‍ ഇടയായത്. നോവലിന്റെ കഥ പറഞ്ഞുകഴിഞ്ഞതോടെ അനിലത് സിനിമയാക്കാമെന്നും സല്‍‌മാനെ തന്നെ നായകനാക്കാമെന്നും സമ്മതിച്ചു കളഞ്ഞു!

സല്‍‌മാന് പിന്നെ വിശ്രമമുണ്ടായിട്ടില്ല. എഴുത്തോട് എഴുത്ത്. പത്തുനാള്‍ക്കുള്ളില്‍ തിരക്കഥ റെഡി. കൊസാക്കിലെ പ്രഭുവായ താരാസും ഇടിക്കട്ടകളായ രണ്ട് മക്കളും കൂടി നടത്തുന്ന സാഹസികമായ യാത്രയാണ് ‘താരാസ് ബള്‍ബ’യിലെ പ്രതിപാദ്യം. തിരക്കഥ കണ്ടപാടേ രണ്ടാമത്തെ നായകനെയും അനില്‍ തീരുമാനിച്ചു. ഇടിക്കട്ടകളില്‍ മൂത്തത് സല്‍‌മാന്‍ തന്നെ, ഇളയത് സല്‍‌മാന്റെ അനിയന്‍ സോഹൈല്‍ ഖാന്‍. പിതാവായി മിഥുന്‍ ചക്രവര്‍ത്തിയെ കാസ്റ്റ് ചെയ്തപ്പോള്‍ വില്ലനായി അഭിനയിക്കാന്‍ വിളിച്ചിരിക്കുന്നത് ജാക്കി ഷെറോഫിനെയാണ്. കഥ നടക്കുന്നത് പുരാതന കാലഘട്ടത്തിലാണ്.

സല്‍‌മാന്റെ വായനാശീലത്തില്‍ നിന്നാണ് ‘വീര്‍’ എന്ന സിനിമ ഉയിര്‍‌കൊള്ളുന്നത് എന്നറിഞ്ഞ ബോളിവുഡ് അത്ഭുതപ്പെട്ട് നില്‍‌ക്കുകയാണ്. പരുക്കനെന്നും വഴക്കാളിയെന്നുമൊക്കെ മുദ്രകുത്തപ്പെട്ട സല്‍‌മാന്‍ ‘ഒന്നൊന്നര’ വായനക്കാരനാണ് എന്നറിഞ്ഞതോടെ, ലോകസാഹിത്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത (അടിച്ചുമാറ്റിയ എന്നും വായിക്കാം) തിരക്കഥാ ശില്‍‌പങ്ങള്‍ക്കായി, പ്രമുഖ സംവിധായകരെല്ലാം സല്‍‌മാന്റെ വീട്ടുപടിക്കല്‍ കാവലാണെത്രെ. ‘വായനാശീലം’ കൊണ്ട് ഓരോരുത്തര്‍ക്കുണ്ടാവുന്ന ഭാഗ്യമൊന്ന് നോക്കണേ!

വെബ്ദുനിയ വായിക്കുക