സല്മാന് ഖാനും കത്രീന കൈഫും പിരിഞ്ഞു. ഏറെനാള്‍ നീണ്ട കടുത്ത പ്രണയം ഒടുവില്‍ നിരാശാജനകമായി അവസാനിക്കുകയായിരുന്നു. തന്റെ ഫ്ലാറ്റില്‍ കത്രീനയുടേതായുണ്ടായിരുന്ന വസ്തുക്കള്‍ കഴിഞ്ഞ ദിവസം സല്മാന് ഖാന് പുറത്തേക്ക് വലിച്ചെറിഞ്ഞു. കത്രീനയുടെ ഓര്‍മ്മ അവശേഷിപ്പിക്കുന്ന ഒന്നും തന്റെ ഫ്ലാറ്റില്‍ ഉണ്ടായിരിക്കരുതെന്നാണ് സല്‍മാന്റെ നിര്‍ബന്ധം.
വിവാഹത്തിന് സമ്മതിക്കണമെന്ന ആഗ്രഹവുമായി ഏറെക്കാലമായി കത്രീനയുടെ പിറകേ നടക്കുകയായിരുന്നു സല്മാന്. “വരട്ടെ...ആലോചിക്കാം” എന്ന നിലപാടാണ് കത്രീന സ്വീകരിച്ചത്. സല്‍മാന്റെ സ്വഭാവത്തെക്കുറിച്ച് നേരത്തേ അത്ര നല്ല അഭിപ്രായമല്ല കത്രീനയ്ക്കുണ്ടായിരുന്നത്. ഐശ്വര്യ റായിക്കുണ്ടായ അനുഭവം തനിക്കുണ്ടാകരുതെന്ന ഒരു കരുതല്‍ എപ്പോഴും കത്രീനയ്ക്ക് ഉണ്ടായിരുന്നു.
IFM
IFM
വിവാഹാഭ്യര്‍ത്ഥനയുമായി സല്മാന് പിന്നാലെ നടക്കുമ്പോഴും രണ്ടുവട്ടം ആലോചിച്ചുമാത്രമേ ഈ ബന്ധത്തില്‍ വീഴുകയുള്ളൂ എന്ന് കത്രീന ഉറപ്പിച്ചു. മാത്രമല്ല, അടുത്ത കാലത്തായി സല്മാന് വളരെ പൊസസീവായാണ് കത്രീനയോടു പെരുമാറിയിരുന്നത്. അക്ഷയ് കുമാറിനൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ പാടില്ലെന്നായിരുന്നു ഒടുവില്‍ സല്മാന് നിര്‍ദ്ദേശിച്ചത്. രണ്‍ബീര്‍ കപൂറുമായി അടുത്തിടപഴകരുതെന്നും സല്മാന് പറഞ്ഞത്രേ. എന്നാല്‍ തന്റെ പ്രൊഫഷനില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് തീര്‍ച്ചയാക്കിയ കത്രീന സല്‍മാനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിന് സമ്മതമല്ല എന്ന് കഴിഞ്ഞ ദിവസം സല്‍മാന്റെ മുഖത്തുനോക്കി കത്രീന പറഞ്ഞത്രേ. ഇതില്‍ കോപാകുലനായ സല്മാന് തന്റെ ഫ്ലാറ്റിലെത്തി കത്രീനയുടെ സാധനങ്ങളൊക്കെ വലിച്ചെറിയുകയായിരുന്നു. ഇനി കത്രീനയുമായി ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച് ‘വീര്‍’ എന്ന പുതിയ സിനിമയുടെ തിരക്കില്‍ മുഴുകുകയും ചെയ്തു സല്ലു.
എന്നാല്‍, കത്രീനയുമായി ബന്ധമുള്ളപ്പോള്‍ തന്നെ അസിനുമായും ഒരു ബ്രിട്ടീഷ് നടിയുമായും സല്മാന് പ്രണയം ആഗ്രഹിച്ചിരുന്നുവത്രേ. ബുദ്ധിമതിയായ അസിന് ആ ചതിക്കുഴിയില്‍ വീണില്ല. എന്നാല്‍ ബ്രിട്ടീഷ് നടി ഇപ്പോള്‍ സല്‍മാന്റെ കാമുകിയായിരിക്കുകയാണത്രേ. ഇതാണ് കത്രീനയുമായുള്ള ബന്ധം തകരാനുണ്ടായ പ്രധാന കാരണമെന്നും കേള്‍ക്കുന്നു.