ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം വീണ്ടും, വിദ്യാ ബാലന്‍ വരുമോ?

ബുധന്‍, 5 സെപ്‌റ്റംബര്‍ 2012 (13:56 IST)
PRO
ഷാജി കൈലാസ് വഴിമാറി നടക്കുകയാണ്. ആക്ഷന്‍ ചിത്രങ്ങള്‍ തല്‍ക്കാലം നിര്‍ത്തുകയാണ് മലയാള സിനിമയിലെ ഏറ്റവും ടെക്നിക്കല്‍ പെര്‍ഫെക്ഷനുള്ള സംവിധായകന്‍. ഇനി ലളിതമായ കഥകള്‍ പറയുന്ന കുറച്ചു സിനിമകള്‍ ചെയ്യാമെന്നാണ് ഷാജി അറിയിച്ചിട്ടുള്ളത്. ആ സിനിമകളും വിജയിച്ചില്ലെങ്കില്‍ സംവിധാനം അവസാനിപ്പിക്കുമെന്നും ഷാജി പ്രഖ്യാപിച്ചുകഴിഞ്ഞു. എക്കാലത്തെയും മെഗാഹിറ്റുകളായ ദി കിംഗ്, കമ്മീഷണര്‍, ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ സിനിമകളുടെ സംവിധായകന്‍റെ ഈ പ്രഖ്യാപനം വേദനയോടെയാണ് മലയാളികള്‍ കേട്ടത്.

എങ്കില്‍ കേട്ടോളൂ... പുതിയ വാര്‍ത്ത. മലയാളത്തിലെ ഫയര്‍ബ്രാന്‍ഡ് കൂട്ടുകെട്ടായ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം വീണ്ടും ഒന്നിക്കുകയാണ്. ഇവര്‍ അവസാനം ഒന്നിച്ചത് ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന ചിത്രത്തിലായിരുന്നു. കമ്മീഷണറും കിംഗും ഒരുമിച്ചുചേര്‍ന്നപ്പോള്‍ തിയേറ്ററുകളില്‍ ഇടിമുഴക്കം പ്രതീക്ഷിച്ച പ്രേക്ഷകര്‍ പക്ഷേ കേട്ടത് നനഞ്ഞ പടക്കത്തിന്‍റെ ശബ്ദമായിരുന്നു.

ത്രസിപ്പിക്കുന്ന ഒരു കഥയില്ലാതെ പോയതും തിരക്കഥയ്ക്ക് മൂര്‍ച്ച കുറഞ്ഞതും ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ പരാജയപ്പെടാന്‍ കാരണമായി. ആ ചിത്രം വീണതോടെയാണ് ഒരു വഴിമാറിനടത്തം ആവശ്യമാണെന്ന് ഷാജിക്കും രണ്‍ജിക്കും തോന്നിയത്. എന്തായാലും ഇവര്‍ വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ പക്ഷേ നായകപ്രധാനമായ ചിത്രമല്ല. സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. എന്നാല്‍ സിനിമ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും.

അടുത്ത പേജില്‍ - സിനിമയുടെ പേര് ‘പെണ്‍’ !

PRO
ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം ഒന്നിക്കുന്ന സിനിമയ്ക്ക് ‘പെണ്‍’ എന്ന് പേരിട്ടു. നായികാ പ്രാധാന്യമുള്ള ഈ സിനിമ പക്ഷേ ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെയായിരിക്കും. സമകാലീന കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും സ്ത്രീ ശാക്തീകരണത്തിനെന്ന പേരില്‍ നടക്കുന്ന തട്ടിപ്പുകളുമൊക്കെ ചിത്രത്തില്‍ വിഷയമാകുമെന്നാണ് റിപ്പോര്‍ട്ട്.

“ഞാന്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കി സിനിമയെടുക്കില്ലെന്ന് ആരോപണമുണ്ടായിരുന്നു. അങ്ങനെ ചിന്തിച്ചപ്പോള്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു ‘പെണ്‍’ എന്നൊരു സിനിമയെടുക്കാമെന്ന്. ആറുമാസം സമയം തന്നാല്‍ തിരക്കഥ എഴുതിത്തരാമെന്നും രണ്‍ജി പറഞ്ഞു. അങ്ങനെ ആ സിനിമയ്ക്ക് തിരക്കഥയെഴുതാന്‍ രണ്‍ജിക്ക് ആറുമാസത്തെ സമയം കൊടുത്തിരിക്കുകയാണ്” - ഷാജി കൈലാസ് പറയുന്നു.

‘മദിരാശി’യുടെ ചിത്രീകരണം പൂര്‍ത്തിയായാലുടന്‍ ഷാജി കൈലാസ് ‘പെണ്‍’ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും. പെണ്ണിന്‍റെ കരുത്തിനെയാണ് ഇത്തവണ ഷാജി തന്‍റെ സിനിമയില്‍ ആയുധമാക്കുന്നത്. ഇന്നത്തെ കാലത്ത് സ്ത്രീ എങ്ങനെയായിരിക്കണം എന്ന് ഈ സിനിമ പറഞ്ഞുതരും.

അടുത്ത പേജില്‍ - നായിക വിദ്യാ ബാലന്‍?

PRO
‘പെണ്‍’ എന്ന ചിത്രത്തില്‍ വളരെ ശക്തമായ ഒരു നായികാ കഥാപാത്രമാണുള്ളത്. ഇന്നത്തെ സാഹചര്യത്തില്‍ മലയാളത്തിലെ നായികമാര്‍ ആരും തന്നെ ആ കഥാപാത്രത്തിന് യോജിക്കില്ലെന്ന ചിന്തയാണ് ഷാജി കൈലാസിനും രണ്‍ജി പണിക്കര്‍ക്കുമുള്ളത്. അതുകൊണ്ടുതന്നെ ബോളിവുഡിലാണ് ഷാജി നായികയ്ക്ക് വേണ്ടി അന്വേഷണമാരംഭിക്കുന്നത്.

“വിദ്യാ ബാലനെപ്പോലെയൊക്കെ സ്റ്റബോണ്‍ ലേഡിയായിരിക്കണം ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍” - ഷാജി കൈലാസ് നിലപാട് വ്യക്തമാക്കി. മലയാളിയാണെങ്കിലും മലയാളത്തില്‍ ‘ഉറുമി’ എന്ന ചിത്രത്തില്‍ മത്രമാണ് വിദ്യാ ബാലന്‍ അഭിനയിച്ചിട്ടുള്ളത്. ഡേര്‍ട്ടി പിക്ചര്‍, കഹാനി തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ആയിരിക്കുകയാണ് വിദ്യ. ആ ഇമേജില്‍ നില്‍ക്കുന്ന വിദ്യയ്ക്ക് ഒരു ശക്തമായ കഥാപാത്രത്തിലൂടെ മലയാളത്തിലേക്ക് വഴിയൊരുക്കാനാണ് ഷാജി ശ്രമിക്കുന്നത്.

വിദ്യാ ബാലന്‍റെ ഡേറ്റ് ലഭിച്ചില്ലെങ്കില്‍ അസിന്‍, നയന്‍‌താര എന്നിവരില്‍ ആരെയെങ്കിലും ഈ പ്രൊജക്ടില്‍ സഹകരിപ്പിക്കാനാണ് ഷാജി കൈലാസ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക