ഷാജി കൈലാസും പൃഥ്വിയും വീണ്ടും - ‘ഗോഡ്സെ’

തിങ്കള്‍, 16 ജൂലൈ 2012 (14:52 IST)
PRO
ഷാജി കൈലാസും പൃഥ്വിരാജും ആദ്യം ഒന്നിച്ചത് ‘രഘുപതി രാഘവ രാജാറാം’ എന്ന ചിത്രത്തിനുവേണ്ടിയാണ്. എ കെ സാജന്‍ തിരക്കഥയെഴുതിയ ആ ചിത്രം കുറച്ചുഭാഗം ചിത്രീകരിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ‘സിംഹാസനം’ എന്ന ചിത്രം പൃഥ്വിയെ നായകനാക്കി ഷാജി സംവിധാനം ചെയ്തു. ആ സിനിമ റിലീസിംഗ് തീരുമാനിച്ച ശേഷം പിന്നീട് മാറ്റി. സിംഹാസനം ഇനിയെന്ന് തിയേറ്ററുകളിലെത്തുമെന്ന് ആര്‍ക്കും കൃത്യമായ വിവരമില്ല.

എന്തായാലും ഈ കൂട്ടുകെട്ട് വീണ്ടും വരുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിന് ‘ഗോഡ്സെ’ എന്ന് പേരിട്ടു. ഷാജി കൈലാസ് തന്നെ തിരക്കഥയെഴുതുന്ന ഈ സിനിമ, ‘ഡി കമ്പനി’ എന്ന ആക്ഷന്‍ സിനിമകളുടെ പാക്കേജിലെ ഒരു ലഘുചിത്രമാണ്. അരമണിക്കൂര്‍ മാത്രമാണ് ദൈര്‍ഘ്യം. ഗോഡ്സെയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ഡി കമ്പനിയിലെ ആദ്യചിത്രമായ 'ഒരു ബൊളീവിയന്‍ ഡയറി 1995' ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. എം പത്മകുമാര്‍ ഒരുക്കുന്ന ബൊളീവിയന്‍ ഡയറിയില്‍ സമുദ്രക്കനി ചൗക്കിദാര്‍ എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന മാവോയിസ്റ്റായി വേഷമിടുന്നു. ആസിഫ് അലി, നരന്‍ എന്നിവരും താരങ്ങളാണ്. ജി എസ് അനില്‍ തിരക്കഥയെഴുതുന്നു.

രണ്ടാമത്തെ ചിത്രം ‘ഗാംഗ്സ് ഓഫ് വടക്കും‌നാഥന്‍’ ആണ്. പുതിയ മുഖം, ഹീറോ തുടങ്ങിയ സിനിമകളൊരുക്കിയ ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനൂപ് മേനോന്‍റേതാണ് തിരക്കഥ. ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍, ജയസൂര്യ, മുരളി ഗോപി എന്നിവര്‍ നായകന്‍‌മാരാകുന്നു.

അഞ്ച് ആക്ഷന്‍ ചിത്രങ്ങളുടെ പാക്കേജാണ് ഡി കമ്പനി. ജോഷി, വിനോദ് വിജയന്‍ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ ഒരുക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. രഞ്ജിത് തിരക്കഥയെഴുതുന്നു.

വെബ്ദുനിയ വായിക്കുക