ശ്രീശാന്തിനെക്കുറിച്ചുള്ള സിനിമ ഷാജി കൈലാസ് വേണ്ടെന്നുവച്ചു!

ബുധന്‍, 22 മെയ് 2013 (14:25 IST)
PRO
വാതുവയ്പ് കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെക്കുറിച്ച് ഷാജി കൈലാസ് സിനിമയെടുക്കുന്നു എന്ന വാര്‍ത്ത ഇപ്പോഴും സിനിമാ-ക്രിക്കറ്റ് മേഖലയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമാണ്. അന്താരാഷ്ട്രതലത്തില്‍ വരെ ഈ വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഈ ഉദ്യമത്തില്‍ നിന്ന് ഷാജി കൈലാസും തിരക്കഥാകൃത്ത് എ കെ സാജനും പിന്‍‌മാറിയതായാണ് പുതിയ റിപ്പോര്‍ട്ട്.

തീ പോലെ പടര്‍ന്നുപിടിച്ച ഈ വാര്‍ത്ത നിഷേധിക്കാനൊരുങ്ങുകയാണ് ഷാജിയും സാജനുമെന്ന് സൂചനയുണ്ട്. ഇങ്ങനെയൊരു കാര്യം അവര്‍ ആലോചിച്ചിട്ടുപോലുമില്ലെന്ന് ഷാജി കൈലാസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പിന്നെ എങ്ങനെ ഇത്തരമൊരു വാര്‍ത്ത പരന്നു എന്ന് ആശ്ചര്യം കൊള്ളുകയാണ് സിനിമാലോകം. എന്നാല്‍, ഇങ്ങനെയൊരു വിഷയത്തിന്‍റെ സാധ്യതയെക്കുറിച്ച് ഷാജിയോ സാജനോ ചര്‍ച്ച ചെയ്തിരിക്കാമെന്നും അത് എങ്ങനെയോ ലീക്കായി ഇങ്ങനെയൊരു വാര്‍ത്ത സൃഷ്ടിക്കപ്പെട്ടതാകാമെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ക്രിക്കറ്റ് വാതുവയ്പ്പിനെക്കുറിച്ച് ഷാജിയും സാജനും ഏറെക്കാലം മുമ്പ് തന്നെ ഒരു സിനിമ ആലോചിച്ചിരുന്നു എന്നും ശ്രീശാന്ത് പിടിയിലായപ്പോഴാണ് കഥയ്ക്ക് വ്യക്തത ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീശാന്തിനോട് സാദൃശ്യമുള്ള കഥാപാത്രത്തെ പുതുമുഖമായിരിക്കും അവതരിപ്പിക്കുക എന്നും വാര്‍ത്ത പരന്നിരുന്നു.

എന്തായാലും ഏറെ വാര്‍ത്താശ്രദ്ധ നേടിയ ഒരു പ്രൊജക്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വെറും വാര്‍ത്ത മാത്രമായി മാറുകയാണ്.

വെബ്ദുനിയ വായിക്കുക