"ശ്രീദേവിയെ താരമാക്കിയത് അവരുടെ തുടകൾ" - വിവാദക്കൊടുങ്കാറ്റുയർത്തി രാംഗോപാൽ വർമ

ബുധന്‍, 2 ഡിസം‌ബര്‍ 2015 (18:00 IST)
വിവാദവും സംവിധായകൻ രാം ഗോപാൽ വർമയും ഇരട്ടപെറ്റവരെപ്പോലെയാണ്. രാമു എവിടെയുണ്ടോ അവിടെ വിവാദവുമുണ്ട്. ഇപ്പോൾ ആർ ജി വിയുമായി ബന്ധപ്പെട്ട വിവാദത്തിലെ നായിക ബോളിവുഡിലെ ഒരു കാലഘട്ടത്തിന്റെ താരറാണിയായ ശ്രീദേവിയാണ്. ശ്രീദേവിയെ താരമാക്കിയത് അവരുടെ മനോഹരമായ തുടകളാണെന്ന രാമുവിന്റെ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ തന്നെ രാമുവിനെതിരെ രംഗത്തെത്തി. ഇതോടെ കൂടുതൽ വിശദീകരണങ്ങളുമായി രാം ഗോപാൽ വർമ ട്വിറ്ററിൽ നിറയുകയാണ്.
 
80കളിലും 90കളിലും ബോളിവുഡ് അടക്കിഭരിച്ച ശ്രീദേവിയെ അതിന് പ്രാപ്തമാക്കിയത് അവരുടെ അഭിനയവൈഭവം മാത്രമല്ല, മനോഹരമായ തുടകൾ കൂടിയായിരുന്നു എന്നാണ് രാം ഗോപാൽ വർമ ട്വീറ്റിയത്. സംഗതി വിവാദമായതോടെ രാമു വിശദീകരണം ട്വിറ്ററിൽ കൂടിത്തന്നെ നൽകി. 
 
"അഭിനയം മാത്രമായിരുന്നു മാനദണ്ഡമെങ്കിൽ സ്മിത പാട്ടീൽ ശ്രീദേവിയേക്കാൾ വലിയ താരമാകുമായിരുന്നു. അപ്പോൾ അതല്ല, ശ്രീദേവിയുടെ മനോഹരമായ തുടകളും അവരുടെ വിജയത്തിന് കാരണമായിട്ടുണ്ട്. ഭർത്താവ് എന്ന നിലയിൽ ബോണി ശ്രീദേവിക്ക് നൽകുന്ന ബഹുമാനത്തേക്കാൾ ഒരു ഫാൻ എന്ന നിലയിൽ ഞാൻ ശ്രീദേവിയെ ബഹുമാനിക്കുന്നു. എന്നോട് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് 'തോക്കുകളും തുടകളും' എന്ന ആത്മകഥയിൽ ഞാൻ ശ്രീദേവിയെക്കുറിച്ചെഴുതിയ ലേഖനം പൂർണമായും വായിക്കാൻ ബോണി കപൂർ തയ്യാറാകണം" - ട്വിറ്ററിൽ രാം ഗോപാൽ വർമ കുറിച്ചു.
 
മുമ്പ് 'ശ്രീദേവി' എന്ന പേരിൽ അമിത ശരീരപ്രറ്ശനങ്ങളുള്ള ഒരു സിനിമ രാം ഗോപാൽ വർമ സംവിധാനം ചെയ്തിരുന്നു. അതിനെതിരെ ശ്രീദേവിയും ബോണി കപൂറും രാമുവിന് നോട്ടീസ് അയച്ചിരുന്നു.

വെബ്ദുനിയ വായിക്കുക