വെള്ളിത്തിരയില്‍ ചുവടുറപ്പിക്കാന്‍ പ്രസാദ് നൂറനാടും

തിങ്കള്‍, 2 ജനുവരി 2012 (16:15 IST)
PRO
PRO
മിനിസ്ക്രീനില്‍ നിന്ന് വെള്ളിത്തിരയിലെത്തി വെന്നിക്കൊടി പാറിച്ചവരുടെ ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഒരാള്‍ കൂടി. പ്രശസ്‌ത ടെലിവിഷന്‍ സംവിധായകന്‍ പ്രസാദ്‌ നൂറനാട് സിനിമാ സംവിധായകനാകുന്നു. പ്രസാദ്‌ നൂറനാടിന്റെ കഥയ്‌ക്ക്‌ തിരക്കഥ ഒരുക്കുന്നത്‌ ബാബു ജനാര്‍ദ്ദനനാണ്‌.

'ഒരേപോലെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖം കാര്‍ത്തിക് ശങ്കര്‍ ആണ് നായകന്‍. നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ തെന്നിന്ത്യയിലെ പ്രമുഖ നടി അഭിനയിക്കും. അളകാപുരി ഫിലിംസിന്റെ ബാനറില്‍ നാഗരാജാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

മിനിസ്ക്രീനില്‍ 14 വര്‍ഷത്തെ അനുഭവസമ്പത്തുള്ളയാളാണ് പ്രസാദ് നൂറനാട്. കൈരളി ടിവിയില്‍ സം‌പ്രേഷണം ചെയ്ത ‘വീട്ടമ്മ‘ എന്ന വനിതാക്ഷേമ പരിപാടി ഒരുക്കിയത് അദ്ദേഹമായിരുന്നു. മലയാളത്തിന്റെ മഹാകവി ഒ എന്‍ വിയുടെ ‘കുഞ്ഞേടത്തി‘ എന്ന കവിതയ്‌ക്ക്‌ ദൃശ്യഭാഷ നല്‍കി പ്രശസ്തനായ പ്രസാദ്‌ നൂറനാട്‌ കടലാസ് തോണി, ഗേള്‍ ഫ്രണ്ട്‌സ്‌ തുടങ്ങിയ ഹൃസ്വചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. നൊമ്പരപൂവ്, ഭാമിനി തോല്‍ക്കാറില്ല തുടങ്ങിയ സീരിയലുകളും അദ്ദേഹം സംവിധാനം ചെയ്തു.

മലയാളത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ കാര്‍ത്തിക് ശങ്കര്‍

PRO
PRO
‘ഒരേപോലെ‘ എന്ന ചിത്രത്തിലൂടെ 2012-ല്‍ മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് കാര്‍ത്തിക് ശങ്കര്‍. വര്‍ഷങ്ങളായി യൂറോപ്പില്‍ താമസിക്കുന്ന കാര്‍ത്തിക് ശങ്കര്‍ കോഴിക്കോട് സ്വദേശിയാണ്. ഐറിഷ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഓഗസ്റ്റില്‍ നടന്ന ഡബ്ലിന്‍ ഫിലിം ഫെസ്റ്റിവലില്‍, ‘ക്ലൌന്‍സ്‘ എന്ന ഐറിഷ് സിനിമയിലെ അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം കാര്‍ത്തികിനെ തേടിയെത്തി.



വെബ്ദുനിയ വായിക്കുക