വീണ്ടും താരയുദ്ധത്തിന്റെ വിഷുക്കാലം: നേട്ടം കൊയ്യുന്നതാരായിരിക്കും?

ചൊവ്വ, 9 ഏപ്രില്‍ 2013 (20:24 IST)
PRO
വീണ്ടുമൊരു വിഷുക്കാലം ഇനി നാളുകള്‍ മാത്രം അകലെയാണ്‌. മലയാള സിനിമയിലെ ഏറ്റവും വലിയ ഫെസ്റ്റിവെല്‍ സീസണാണ് എത്തുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ ഇത്തവണ വിഷുവിന് അരങ്ങൊരുക്കാന്‍ തിയേറ്ററുകളിലുണ്ട്.

വിഷു ആഘോഷവേളകള്‍ക്കൊപ്പം അവധിക്കാലത്തിന്റെ ദിനങ്ങള്‍ കൂടിയാകുമ്പോള്‍ തീയേറ്ററില്‍ ഉത്സവം തന്നെയാകും. അതുകൊണ്ടു തന്നെയാണ്‌ ഏപ്രില്‍ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസിംഗ്‌ മാസമാകുന്നത്‌.

വിഷുചിത്രങ്ങളില്‍ പങ്കുചേരാന്‍ മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രവുമായി എത്തുന്നു. സംവിധായകന്‍ സിദ്ധിക്കിന്റെ ചിത്രത്തില്‍ രണ്ട് പതിറ്റാണ്ടിനുശേഷം ലാല്‍ നായകനാവുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഒരു മെഗാഹിറ്റ് മാത്രമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 1992-ല്‍ വിയറ്റ്നാം കോളനിയാണ് സിദ്ധിക്കും മോഹന്‍ലാലും അവസാനം ഒന്നിച്ച ചിത്രം. ബോഡി ഗാര്‍ഡിലൂടെ ഹിന്ദിയില്‍ നൂറു കോടി ക്ലബ്ബില്‍ അംഗമാണ് സിദ്ധിക്ക്.

നാല്‌ സ്‌ത്രീകളുടെയും ഒരു പുരുഷന്റേയും കഥ പറയുന്ന ചിത്രത്തില്‍ മീരാജാസ്‌മിന്‍, മം‌മ്താ മോഹന്‍ദാസ്‌, പദ്‌മപ്രിയ, മിത്രാ കുര്യന്‍ എന്നിവരാണ്‌ മോഹന്‍ലാലിന്റെ നായികമാരാവുന്നത്‌.

മോഹന്‍ലാലിനൊപ്പം ഒരു പ്രധാന കഥാപാത്രമാവുന്നത് ജയഭാരതിയുടെ മകന്‍ കൃഷ് ആണ്. ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്റെ കഥയും തിരക്കഥയും സിദ്ദിഖ്‌ തന്നെയാണ്‌. ആശിര്‍വാദ്‌ സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം

മമ്മൂട്ടി തന്റെ ഇമ്മാനുവലിലൂടെ വിഷു ആഘോഷിക്കുന്നു. റിലീസായ കേന്ദ്രങ്ങളിലെല്ലാം തകര്‍പ്പന്‍ വരവേല്‍പ്പാണ് ഇമ്മാനുവലിന് ലഭിക്കുന്നത്. ബാവുട്ടിയുടെ നാമത്തില്‍ എന്ന സിനിമയിലൂടെയാണ് പരാജയഘോഷയാത്രയ്ക്ക് മമ്മൂട്ടി വിരാമമിട്ടത്.

മണ്ണില്‍ചവുട്ടി നടക്കുന്ന നന്‍‌മനിറഞ്ഞ കഥാപാത്രത്തെയാണ് ഇമ്മാനുവലിലും മമ്മൂട്ടി അവതരിപ്പിച്ചത്. ഹൃദയബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന, സ്നേഹസമ്പന്നനായ കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി വിഷുവിനൊപ്പമുണ്ട്.

ദിലീപിന്‍റെ സൌണ്ട് തോമയും വലിയ കുഴപ്പങ്ങളില്ലാതെ നീങ്ങുന്നു. വൈശാഖ് ഒരുക്കിയ ചിത്രത്തില്‍ ദിലീപ് മുറിച്ചുണ്ടനായാണ് അഭിനയിക്കുന്നത്. മൂക്കും വളഞ്ഞിട്ടാണ്. മേക്കപ്പിന്‍റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്ന പ്രൊജക്ടാണിത്.

വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധനേടിയ ദിലീപ് ഇത്തവണയും മോശമാക്കിയില്ലെന്ന് പറയാം. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അവധിക്കാല സീസണില്‍ കുട്ടികളെ സൗണ്ട് തോമ ആകര്‍ഷിച്ചേക്കും. എന്തായാലും കുടുംബപ്രേക്ഷകരെ ചിരിപ്പിക്കാന്‍ സൗണ്ട് തോമ തീയേറ്ററിലുണ്ടാകും.

ടി കെ രാജീവ് കുമാര്‍ ഒരുക്കുന്ന സസ്പന്‍സ് ചിത്രമാണ് അപ് ആന്‍ഡ് ഡൗണ്‍ - മുകളിലൊരാളുണ്ട്. ഭൂരിഭാഗവും ഒരു ലിഫ്റ്റിനുള്ളില്‍ കഥ നടക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലിഫ്റ്റ് ഓപ്പറേറ്ററായിട്ടാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രതാപ് പോത്തനും ചിത്രത്തിലുണ്ട്.

ലണ്ടനില്‍ സ്ഥിരതാമസമാക്കിയ മലയാളികളുടെ ജീവിതം പറയുന്ന ചിത്രമാണ് ഇംഗ്ലീഷ്. ജയസൂര്യയും നിവിന്‍ പോളിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നവരംഗ് ക്രിയേഷന്‍സ്. ഇംഗ്ലീഷ് വിഷു സീസണില്‍ തീയേറ്ററിലെത്തും.

പുതിയ സിനിമകള്‍ തീയേറ്ററിലേക്കെത്താന്‍ കാത്തു നില്‍ക്കുമ്പോള്‍ മലയാള സിനിമയുടെ അവസ്ഥ വളരെ മെച്ചപ്പെട്ടിരിക്കുന്നതെന്നാണ് ബോക്സോഫീസുകളും മറ്റും കാണിക്കുന്നത്. കൂടാതെ മലയാളിയുടെ മാറിയ കാഴ്ചാശീലത്തിന്റെ സാക്ഷ്യപ്പെടുത്തലായി ആമേന്റെ വിജയമുണ്ട്. ‘ആമേന്‍' എന്ന സിനിമ ബോക്സോഫീസ് വിസ്മയം സൃഷ്ടിക്കുകയാണ്.

വെബ്ദുനിയ വായിക്കുക