വിവാദമൊഴിയാതെ ‘ബില്ലു‘

ബുധന്‍, 18 ഫെബ്രുവരി 2009 (12:37 IST)
PRO
പ്രിയദര്‍ശന്‍റെ പ്രഥമ ഷാരൂഖ് ചിത്രം ബില്ലുവിനെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ആദ്യം പേരിനെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ പതുക്കെ ആറി തുടങ്ങിയതേയുള്ളു. അതിനിടെ അടുത്ത വിവാദമെത്തി. ബില്ലുവില്‍ ആദ്യം നായകനായി നിശ്ചയിച്ചത് അക്ഷയ് കുമാറിനെയായിരുന്നു. എന്നാല്‍ കിംഗ് ഖാന്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് അക്കിയെ മാറ്റി വേഷം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ബില്ലുവിന്‍റെ തിരക്കഥരചിച്ചത് അക്കിയെ മനസ്സില്‍ കണ്ടൊകൊണ്ടായിരുന്നുവെന്ന് പ്രിയനും നേരത്തെ വ്യക്തമാക്കിയതാണ്. ഇരുവരും തമ്മില്‍ ചിത്രത്തെപ്പറ്റി ചര്‍ച്ച നടത്തുകയും അക്ഷയ്‌യുടെ സ്വന്തം നിര്‍മാണ സംരംഭമായ ഹരി ഓം പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മിക്കാമെന്ന് ധാരണയിലെത്തുകയും ചെയ്തു.

എന്നാല്‍ ചിത്രത്തിന്‍റെ സാധ്യതകള്‍ കണ്ടറിഞ്ഞ കിംഗ് ഖാന്‍ പ്രിയനെ സ്വാധീനിച്ച് അക്കിയെ ഒഴിവാക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത. പിന്നീട് ചിത്രം തല്‍ക്കാലം നിര്‍ത്തിവച്ചതായി പ്രിയന്‍ അക്കിയെ അറിയിക്കുകയും തന്‍റെ ഭാ‍ഗ്യ നായകനെ ഒഴിവാക്കി ഷാരൂഖിനെ നായകനാക്കി ചിത്രമൊരുക്കുകയും ചെയ്തു.

എന്നാല്‍ ഇതിന്‍റെ പേരില്‍ തനിക്ക് ബോളിവുഡില്‍ പൂതിയ പ്രതിഛായ നല്‍കിയ പ്രിയനെ തള്ളിപ്പറയാനൊന്നും അക്കി തയ്യാറായിട്ടില്ലെങ്കിലും ഷാരൂഖുമായുള്ള ബന്ധം ഇനി അത്ര ഊഷ്മളമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സല്‍മാന്‍-ഷാരൂഖ് പോര് പോലെ വരും ദിവസങ്ങളില്‍ ബോളിവുഡ് മറ്റൊരു പോരിന് കൂടി സാക്‍ഷ്യം വഹിക്കുമോയെന്ന് കണ്ടറിയാം.

വെബ്ദുനിയ വായിക്കുക