രഞ്ജിത് വീണ്ടും പഴയ വഴിയിലേക്ക്? മോഹന്‍ലാല്‍ മീശപിരിക്കും?
വ്യാഴം, 7 ഫെബ്രുവരി 2013 (13:03 IST)
PRO
രഞ്ജിത് വഴിമാറി നടന്നപ്പോള്‍ മലയാള സിനിമയും ഒപ്പം നടന്നു. ദേവാസുരവും ആറാം തമ്പുരാനും നരസിംഹവും രാവണപ്രഭുവും സൃഷ്ടിച്ച തൂലിക പിന്നീട് നന്ദനവും തിരക്കഥയും പ്രാഞ്ചിയേട്ടനും കൈയൊപ്പും ഇന്ത്യന്‍ റുപ്പിയും പാലേരിമാണിക്യവും സ്പിരിറ്റുമൊക്കെ രചിച്ചപ്പോള്‍ പ്രേക്ഷകരും അത്ഭുതം കൂറി. ഈ പ്രതിഭാധനനായ എഴുത്തുകാരന്‍ കൊമേഴ്സ്യല്‍ ചട്ടക്കൂട്ടില്‍ ചുറ്റിക്കളിച്ച് ചില വര്‍ഷങ്ങളെങ്കിലും പാഴാക്കിയല്ലോ എന്ന് നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ പരിതപിച്ചു.
എന്നാല്‍ ഇപ്പോള്‍ രഞ്ജിത്തിന്‍റെ പുതിയ സിനിമയെപ്പറ്റിയുള്ള വാര്‍ത്ത കേള്‍ക്കുന്നവര്‍ നെറ്റിചുളിക്കുകയാണ്. ‘പ്ലാന്‍റര്‍ അവറാച്ചന്‍’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത് എന്നാണ് വിവരം. മോഹന്‍ലാല്‍ നായകനായെത്തുന്നു. കോട്ടയം പശ്ചാത്തലമാക്കിയുള്ള ഒരു അടിപൊളി നസ്രാണിക്കഥയാണിതെന്ന് പ്രചരണമുണ്ട്. രസകരമായ ഡയലോഗുകളും നല്ല ആക്ഷന്‍ രംഗങ്ങളുമൊക്കെയുള്ള ഒരു ‘പഴയ രഞ്ജിത് സ്റ്റൈല്‍’ സിനിമയായിരിക്കും ഇതെന്ന സൂചനകളാണ് ലഭിക്കുന്നത്.
സ്പിരിറ്റിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രഞ്ജിത്തിന്‍റെ തന്നെ ക്യാപിറ്റോള്‍ തിയേറ്ററാണ് നിര്‍മാണം.
സിനിമ വിജയിക്കുന്നവന്‍റെ കളമാണെന്നും തിയേറ്ററുകളില്‍ ആളെ നിറയ്ക്കുന്ന സിനിമകളോടാണ് തനിക്ക് താല്‍പ്പര്യമെന്നും പ്രഖ്യാപിച്ചിട്ടുള്ള രഞ്ജിത് ഒരിക്കല്‍ കൂടി പഴയ വഴിയിലേക്ക് തിരിച്ചുപോകുകയാണോ? കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്ക് അത് ആഹ്ലാദകരമായ വാര്‍ത്തയായിരിക്കും. എന്നാല്‍ നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് അത് എത്രമാത്രം അംഗീകരിക്കാനാവും എന്ന് കണ്ടറിയണം.