യന്തിരന് രണ്ടാം ഭാഗം, ഷങ്കര്‍ രചന തുടങ്ങി!

വെള്ളി, 25 മാര്‍ച്ച് 2011 (19:35 IST)
PRO
രജനി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായ ‘യന്തിരന്‍’ വീണ്ടുമെത്തുകയാണ്. യന്തിരന്‍ - 2ന്‍റെ തിരക്കഥാ രചന ഷങ്കര്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രജനീകാന്ത് നായകനാകുന്ന സിനിമ സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കും.

യന്തിരന്‍റെ ക്യാമറാമാനായ രത്നവേലുവാണ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. “യന്തിരന്‍റെ രണ്ടാം ഭാഗത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. രജനീകാന്ത്, ഷങ്കര്‍, എ ആര്‍ റഹ്‌മാന്‍ എന്നിവര്‍ തന്നെയായിരിക്കും ചിത്രത്തിന് പിന്നില്‍. ഞാനായിരിക്കും ക്യാമറാമാന്‍. യന്തിരന്‍റെ മറ്റ് അണിയറപ്രവര്‍ത്തകരെല്ലാം പുതിയ ചിത്രത്തിന് പിന്നിലും ഉണ്ടാകും. ഷങ്കര്‍ ഇതിന്‍റെ തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണ്” - രത്നവേലു പറഞ്ഞു.

എന്നാല്‍, അടുത്ത വര്‍ഷം മാത്രമേ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് സൂചന. കാരണം ത്രീ ഇഡിയറ്റ്സിന്‍റെ തമിഴ് റീമേക്കിന്‍റെ പണിപ്പുരയിലാണ് ഷങ്കര്‍ ഇപ്പോള്‍. രജനീകാന്താകട്ടെ കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ‘റാണ’യുടെ തിരക്കിലും.

എന്തായാലും യന്തിരന്‍ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത കോളിവുഡിലാകെ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക