മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും ഒന്നിക്കും?

ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (15:26 IST)
മോഹന്‍ലാലും ശ്രീനിവാസനും ഒരുമിച്ച സിനിമകള്‍ മലയാളികള്‍ ആഘോഷപൂര്‍വം കൊണ്ടാടിയിട്ടുണ്ട്. സന്‍‌മനസുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, ചിത്രം, ഉദയനാണ് താരം തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട സിനിമകളില്‍ പലതും ഈ കൂട്ടുകെട്ടില്‍ ഉണ്ടായതാണ്. 2010ല്‍ ‘ഒരുനാള്‍ വരും’ എന്ന സിനിമയാണ് ഇരുവരും ഒടുവില്‍ ഒരുമിച്ച ചിത്രം.
 
അതിനുശേഷം ‘പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ രണ്ടുതാരങ്ങളെയും മാനസികമായി അകറ്റി. ഇനി ഇവര്‍ ഒരുമിച്ച് ഒരു സിനിമ അസാധ്യമാണെന്ന് ഇവരോട് ഏറ്റവും അടുപ്പമുള്ളവര്‍ പോലും വിശ്വസിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും നായകന്‍‌മാരാക്കി ഒരു ചിത്രം ചെയ്യണമെന്ന അതിയായ ആഗ്രഹം കാത്തുസൂക്ഷിക്കുന്ന ഒരാള്‍ ഉണ്ട്. മറ്റാരുമല്ല, ശ്രീനിവാസന്‍റെ മകന്‍ വിനീത് ശ്രീനിവാസന്‍.
 
താന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും നായകന്‍‌മാരാക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നെന്ന് വിനീത് തന്നെയാണ് അടുത്തിടെ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. 
 
വിനീത് നായകനായ ‘കുഞ്ഞിരാമായണം’ ഓണക്കാലത്ത് ഭേദപ്പെട്ട കളക്ഷനുമായി മുന്നേറുകയാണ്. എന്തായാലും മോഹന്‍ലാലും ശ്രീനിവാസനും വിനീതിന്‍റെ ആഗ്രഹം സഫലമാക്കുമെന്ന് പ്രതീക്ഷിക്കാം. 

വെബ്ദുനിയ വായിക്കുക